‘സര്‍ക്കാരിന് നാണക്കേട് ഉണ്ടാക്കുന്നു’; ആഭ്യന്തര വകുപ്പിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ
തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന കൗൺസിൽ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി ചെയ്യുന്നത് സർക്കാരിന് നാണക്കേടാണ്. സുരക്ഷയുടെ പേരിൽ പൊലീസ് റോഡുകളിൽ നടത്തുന്ന എല്ലാത്തരം നടപടികളും ജനങ്ങളിൽ അവമതിപ്പുണ്ടാക്കുന്നു. ഇതിൽ തിരുത്തൽ വേണമെന്നും രാഷ്്ട്രീയ റിപ്പോര്‍ട്ട് രൂപീകരണ ചർച്ചയിൽ ആവശ്യമുയർന്നു. സി.പി.എം ഭരണത്തെ ഹൈജാക്ക് ചെയ്യുകയാണെന്ന വിമർശനവും ഉയർന്നു.
സി.പി.ഐ സംസ്ഥാന സമ്മേളനം സെപ്റ്റംബർ 30 മുതൽ തിരുവനന്തപുരത്ത് നടക്കും. അതിന് മുന്നോടിയായി രാഷ്ട്രീയ റിപ്പോർട്ടും പ്രവർത്തന റിപ്പോർട്ടും തയ്യാറാക്കുന്നതിനുള്ള കൗൺസിൽ യോഗങ്ങൾ ഞായറാഴ്ച ആരംഭിച്ചു. തിങ്കളാഴ്ച വൈകീട്ട് യോഗം സമാപിക്കും.