പ്രതിസന്ധികളെ ബ്രിട്ടൻ തരണം ചെയ്യുമെന്ന് ഋഷി സുനക്

ലണ്ടൻ: രാജ്യം നേരിടുന്ന പ്രതിസന്ധിയെ അതിജീവിക്കുമെന്ന് നിയുക്ത ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. പ്രഖ്യാപനത്തിന് ശേഷം നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

“മുൻ പ്രധാനമന്ത്രി ലിസ് ട്രസ് ആത്മാർത്ഥമായി പ്രവർത്തിച്ചു. ഞാൻ അവർക്ക് ആദരവ് അർപ്പിക്കുന്നു. ഞാൻ സ്നേഹിക്കുന്ന പാർട്ടിയെയും രാജ്യത്തെയും സേവിക്കാൻ അവസരം ലഭിക്കുന്നത് ജീവിതത്തിലെ ഒരു വലിയ ഭാഗ്യമാണ്. നാം ഒരു വലിയ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. നമുക്ക് ഐക്യവും സുസ്ഥിരതയും ആവശ്യമാണ്. രാജ്യത്തെ ഒരുമിച്ചു നിർത്തണം. എല്ലാ ബുദ്ധിമുട്ടുകളെയും നാം അതിജീവിക്കും. നമ്മുടെ കുട്ടികൾക്ക് ശോഭനമായ ഒരു ഭാവി കെട്ടിപ്പടുക്കേണ്ടതുണ്ട്. വിനയത്തോടെയും ആത്മാർത്ഥതയോടെയും ഞാൻ പ്രവർത്തിക്കും,” സുനക് പറഞ്ഞു.

ഇന്ത്യൻ വംശജനായ ഋഷി സുനക് ബ്രിട്ടന്‍റെ പ്രധാനമന്ത്രിയാകുന്ന ആദ്യ ഏഷ്യക്കാരനാണ്. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണും ഹൗസ് ഓഫ് കോമൺസ് നേതാവ് പെനി മോർഡന്റും പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിർദേശം ചെയ്യുന്നതിന് ആവശ്യമായ 100 എംപിമാരുടെ പിന്തുണ നേടാൻ കഴിയാതെ പിൻമാറിയതോടെയാണ് ഋഷി സുനക് പ്രധാനമന്ത്രി സ്ഥാനം ഉറപ്പിച്ചത്. എംപിമാരുടെ പിന്തുണ ഉറപ്പാക്കാൻ അനുവദിച്ച സമയപരിധി അവസാനിച്ചതോടെ നൂറിലധികം എംപിമാരുടെ ജനപിന്തുണ നേടിയ ഏക സ്ഥാനാർത്ഥിയായി ഋഷി സുനക് മാറി.