ബ്രിട്ടീഷ് ധനമന്ത്രി ക്വാസി ക്വാർട്ടംഗിനെ പുറത്താക്കിയതായി റിപ്പോർട്ട്
ലണ്ടന്‍: ബ്രിട്ടീഷ് ധനമന്ത്രി ക്വാസി ക്വാർട്ടംഗിനെ പുറത്താക്കിയതായി ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ക്വാർട്ടംഗിനെ പുറത്താക്കിയതായി പേര് വെളിപ്പെടുത്താത്ത സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ബിബിസിയും സ്കൈ ന്യൂസും വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രി ലിസ് ട്രസ് തീരുമാനം കൈക്കൊണ്ടുവെന്നാണ് വിവരം.
ബിബിസി റിപ്പോർട്ട് പ്രകാരം ക്വാർട്ടംഗ് ഇനി ട്രഷറിയുടെ തലവനായിരിക്കില്ല. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ബ്രിട്ടീഷ് സർക്കാർ അദ്ദേഹത്തെ പുറത്താക്കാൻ ആലോചിക്കുന്നതായി ദ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ വ്യാഴാഴ്ചയും ക്വാർട്ടംഗ് ഈ വാർത്ത നിഷേധിച്ചിരുന്നു. “താന്‍ എവിടെയും പോകില്ല” വാർത്തയ്ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞതിങ്ങനെയാണ്.
1970ന് ശേഷം ഏറ്റവും കുറഞ്ഞകാലം മന്ത്രിയായിരുന്നയാള്‍ എന്ന പദവി ഇതോടെ ക്വാർട്ടംഗിന് ലഭിക്കും. ലിസ് ട്രസ് നേരത്തെ തന്നെ വാഷിംഗ്ടണിലെ ഐഎംഎഫ് യോഗത്തിന് പോയ ക്വാർട്ടംഗിനോട് ലണ്ടനിലേക്ക് മടങ്ങാന്‍ നിര്‍ദേശിച്ചിരുന്നു.