മോദിയുടെ നല്ല വാക്കുകൾക്ക് നന്ദിയറിയിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്

ലണ്ടൻ: ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ഋഷി സുനക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ചു. വരും കാലങ്ങളിൽ ഇരുരാജ്യങ്ങൾക്കും ഒരുമിച്ച് എന്ത് നേടാൻ കഴിയുമെന്നതിൽ ആവേശഭരിതനാണ്. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നല്ല വാക്കുകൾക്ക് നന്ദിയുണ്ടെന്നും സുനക് ട്വീറ്റ് ചെയ്തു. ഇന്ത്യൻ വംശജനായ ഋഷി സുനക് ബ്രിട്ടന്‍റെ പ്രധാനമന്ത്രിയായതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചിരുന്നു.

“ഞാൻ എന്‍റെ പുതിയ ചുമതല ഏറ്റെടുത്തപ്പോൾ പറഞ്ഞ നല്ല വാക്കുകൾക്ക് നന്ദി. യുകെയും ഇന്ത്യയും വളരെ അടുത്ത രാജ്യങ്ങളാണ്. സുരക്ഷ, പ്രതിരോധം, സാമ്പത്തിക പങ്കാളിത്തം എന്നീ മേഖലകളിൽ ബന്ധം കൂടുതൽ ദൃഢമാക്കുമ്പോൾ രണ്ട് മഹത്തായ ജനാധിപത്യ രാജ്യങ്ങൾക്കും എന്ത് നേടാൻ കഴിയുമെന്നതിൽ ഞാൻ ആവേശഭരിതനാണ്,” സുനക് പറഞ്ഞു.

വ്യാഴാഴ്ച ഋഷി സുനകുമായി സംസാരിച്ചെന്നും അദ്ദേഹത്തെ അഭിനന്ദിച്ചെന്നും മോദി ട്വീറ്റ് ചെയ്തിരുന്നു. തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ ഇരുവരും ഒരുമിച്ച് പ്രവർത്തിക്കുമെന്നും മോദി പറഞ്ഞിരുന്നു. ഋഷി സുനക് ചൊവ്വാഴ്ചയാണ് ബ്രിട്ടന്‍റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. കഴിഞ്ഞ ആറ് വർഷത്തിനിടെ തിരഞ്ഞെടുക്കപ്പെടുന്ന അഞ്ചാമത്തെ പ്രധാനമന്ത്രിയാണ് സുനക്.