ബ്രിട്ടീഷ് പ്രധാനമന്ത്രി പദം; ഋഷി സുനകിനോട് പിന്മാറാൻ ആവശ്യപ്പെട്ട് ബോറിസ്
ലണ്ടൻ: ഇന്ത്യൻ വംശജനായ ഋഷി സുനക് വീണ്ടും യുകെയുടെ പ്രധാനമന്ത്രിയാകാനുള്ള സാധ്യതകൾ തെളിയുന്നതിനിടെ ഇടപെടലുമായി മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ. പ്രധാനമന്ത്രിയാകാനുള്ള നീക്കത്തിൽ നിന്ന് പിന്മാറാനും തന്നെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ സഹകരിക്കാനും ഋഷി സുനകിനോട് ജോൺസൺ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. പാർട്ടി നേതൃത്വ മത്സരത്തിൽ ഋഷി സുനകിനെ പരാജയപ്പെടുത്തി ലിസ് ട്രസ് ആറാഴ്ച മുമ്പാണ് യുകെയുടെ പ്രധാനമന്ത്രിയായത്. ലിസ് ട്രസ്സിന്‍റെ രാജിയോടെ ഋഷി സുനക് അടുത്ത പ്രധാനമന്ത്രിയാകാനാണ് സാധ്യത.
2024 ലെ തിരഞ്ഞെടുപ്പിൽ പാർട്ടിയെ രക്ഷിക്കാൻ തനിക്ക് മാത്രമേ കഴിയൂവെന്ന് കൺസർവേറ്റീവ് പാർട്ടി എംപിമാരെ ബോധ്യപ്പെടുത്താനാണ് ബോറിസ് ജോൺസൺ ശ്രമിക്കുന്നത്. ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടി ഒരാഴ്ചയ്ക്കുള്ളിൽ പുതിയ നേതാവിനെ തിരഞ്ഞെടുക്കാനുള്ള നടപടികൾ പൂർത്തിയാക്കും. അതുവരെ പ്രധാനമന്ത്രിയായി തുടരുമെന്ന് ലിസ് ട്രസ് പറഞ്ഞു.
ഒന്നര മാസം മുമ്പാണ്, മുൻ ധനമന്ത്രിയും ഇന്ത്യൻ വംശജനുമായ ഋഷി സുനകിനെ മറികടന്ന് ലിസ് ട്രസ് കൺസർവേറ്റീവ് പാർട്ടിയുടെ നേതാവും ബ്രിട്ടന്‍റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയുമായത്. ബ്രിട്ടന്‍റെ ചരിത്രത്തിൽ ഏറ്റവും കുറച്ച് കാലം പ്രധാനമന്ത്രി പദം അലങ്കരിച്ച വ്യക്തിയെന്ന പേരുദോഷത്തോടെയാണ് ലിസ് പടിയിറങ്ങിയത്. ഋഷി സുനകും പെന്നി മോർഡന്‍റും തമ്മിലാണ് അടുത്ത ലീഡർ ആകാനുള്ള മത്സരം എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. 52 കാരനായ പ്രതിരോധ മന്ത്രി ബെൻ വാലസിനും സാധ്യതയുണ്ട്. പാർട്ടിയിലെ മറ്റൊരു പ്രമുഖനും ധനമന്ത്രിയുമായ ജെറമി ഹണ്ട് മത്സര രംഗത്തുണ്ടാകില്ലെന്ന് വ്യക്തമാക്കി.