ദക്ഷിണ കൊറിയയിലെ നിര്‍ബന്ധിത സൈനിക സേവനത്തില്‍നിന്ന് ബിടിഎസിന് ഒഴിവില്ല
സോൾ: സംഗീതംകൊണ്ട് ലോകമെമ്പാടും അറിയപ്പെട്ട ബാൻഡാണ് ബിടിഎസ്. ദക്ഷിണ കൊറിയയിലെ നിർബന്ധിത സൈനിക സേവനത്തിൽ നിന്ന് ബാൻഡിനെ ഒഴിവാക്കിയിട്ടില്ല. ദക്ഷിണ കൊറിയൻ ബാൻഡ് ബിടിഎസിലെ എല്ലാ അംഗങ്ങളും രാജ്യത്ത് നിർബന്ധിത സൈനിക സേവനം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് വർഷങ്ങളായുള്ള ചർച്ചകൾക്കും ഊഹാപോഹങ്ങൾക്കും വിരാമമിട്ടു.
ദക്ഷിണ കൊറിയയിൽ, ആരോഗ്യമുള്ള എല്ലാ പുരുഷൻമാരും 18-35 പ്രായത്തിനിടയിൽ കുറച്ചുകാലം നിർബന്ധിത സൈനിക സേവനം നിർവഹിക്കേണ്ടതുണ്ട്. കുറഞ്ഞത് 18 മാസമെങ്കിലും സൈന്യത്തിൽ തുടരണം. ലോകപ്രശസ്തമായ ബാൻഡ് ആയതിനാൽ, ബിടിഎസ് അംഗങ്ങൾക്ക് ഇളവുകൾ ഉണ്ടാകുമെന്ന് കരുതിയിരുന്നു, പക്ഷേ അത് നടന്നില്ല.
ബാൻഡിലെ മുതിർന്ന അംഗമായ ജിന്നിന് ഈ ഡിസംബറിൽ 30 വയസ്സ് തികയും. ജിൻ ആയിരിക്കും ആദ്യം സർവീസിൽ പ്രവേശിക്കുന്നത്. പിന്നെ മറ്റുള്ളവരും സൈനിക യൂണിഫോം ധരിക്കും. എല്ലാവരുടെയും സൈനിക ജീവിതം പൂർത്തിയാക്കിയ ശേഷം 2025 ൽ ബാൻഡ് പുനഃസംഘടിപ്പിക്കുമെന്ന് സംഘം അറിയിച്ചു.