ബഫർ സോൺ; നിലവിലെ സാറ്റലൈറ്റ് സർവേ റിപ്പോർട്ട് സുപ്രീം കോടതിയിൽ സമർപ്പിക്കില്ലെന്ന് വനം മന്ത്രി

കോഴിക്കോട്: സാറ്റലൈറ്റ് സർവേയിൽ പൊരുത്തക്കേടുകളുണ്ടെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ. നിലവിലെ സാറ്റലൈറ്റ് സർവേ റിപ്പോർട്ട് സുപ്രീം കോടതിയിൽ സമർപ്പിക്കില്ല. പകരം പ്രായോഗിക നിർദേശം അംഗീകരിക്കുമെന്നും വനം മന്ത്രി പറഞ്ഞു.

വനത്തോട് ചേർന്നുള്ള ഒരു കിലോമീറ്റർ ജനവാസ മേഖലയാണെന്ന് തെളിയിക്കുകയാണ് ഉപഗ്രഹ സർവേയുടെ ലക്ഷ്യം. ഒരു കിലോമീറ്ററിൽ ജനവാസ മേഖല ഉണ്ടെന്ന് തെളിയിക്കണമെങ്കിൽ അവിടെ എത്ര ജനങ്ങളുണ്ട്, സ്ഥാപനങ്ങൾ ഉണ്ട് എന്ന് തെളിയിക്കണം. വസ്തുതാ വിരുദ്ധമായ എന്തെങ്കിലും ഉണ്ടെങ്കിൽ അത് ചൂണ്ടിക്കാണിക്കാൻ അവസരമുണ്ട്.

അതേസമയം ബഫർ സോൺ വിഷയത്തിൽ സർക്കാർ രൂപീകരിച്ച ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ അധ്യക്ഷനായ വിദഗ്ധ സമിതിയുടെ കാലാവധി രണ്ട് മാസത്തേക്ക് കൂടി നീട്ടി. പരാതി നൽകാനുള്ള തീയതിയും നീട്ടും. വിദഗ്ധ സമിതിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും അതിനായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.