ബഫര്‍സോണ്‍; കോണ്‍ഗ്രസിനെ പ്രതിരോധത്തിലാഴ്ത്തി യുഡിഎഫ് ഭരണകാലത്തെ രേഖ പുറത്ത്

തിരുവനന്തപുരം: ബഫര്‍സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നിലപാടെടുത്ത കോണ്‍ഗ്രസിനെ പ്രതിരോധത്തിലാഴ്ത്തി യുഡിഎഫ് ഭരണകാലത്തെ രേഖ പുറത്ത്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള ബഫർ സോൺ 12 കിലോമീറ്ററായി ഉയർത്താനുള്ള മന്ത്രിസഭാ തീരുമാനവുമായി ബന്ധപ്പെട്ട രേഖയാണ് പുറത്ത് വന്നത്.

2013 മെയ് 8 ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ, സംരക്ഷിത വനമേഖലകൾക്ക് ചുറ്റുമുള്ള പൂജ്യം മുതൽ 12 കിലോമീറ്റർ വരെ ബഫർ സോണായി പ്രഖ്യാപിക്കാനാണ് തീരുമാനമെടുത്തത്.

യുഡിഎഫ് സര്‍ക്കാര്‍ 12 കിലോമീറ്ററാക്കിയത് ഒരു കിലോമീറ്ററാക്കി കുറയ്ക്കുകയാണ് തങ്ങള്‍ ചെയ്തതെന്നാണ് സര്‍ക്കാര്‍ വാദം. എന്നാൽ, ഈ വിഷയത്തിൽ കോൺഗ്രസ് സർക്കാരിൻ്റെ അവകാശവാദങ്ങളെ പ്രതിരോധിച്ച് രംഗത്തെത്തിയിട്ടുണ്ട്. ജനവാസ മേഖലകളെ ഒഴിവാക്കാനാണ് 2013ൽ തീരുമാനിച്ചതെന്നും 2015ലെ കരട് നിർദേശത്തിൽ കേന്ദ്രത്തോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നെന്നും യു.ഡി.എഫ് വാദിച്ചു.