ബഫർസോൺ: ഫീൽഡ് സർവേക്ക് നാളെ തുടക്കം, സിപിഎം കൺവൻഷൻ ഇന്ന്
ഇടുക്കി: ബഫർ സോൺ വിഷയത്തിൽ ഇടുക്കിയിലെ വിവിധ പഞ്ചായത്തുകളിൽ നാളെ മുതൽ ഫീൽഡ് സർവേ ആരംഭിക്കും. ഒഴിവാക്കേണ്ടതും കൂട്ടിച്ചേർക്കേണ്ടതുമായ സ്ഥലങ്ങളും കെട്ടിടങ്ങളും കണ്ടെത്തുന്നതിനാണ് ഫീൽഡ് സർവേ നടത്തുന്നത്.
പെരിയാർ, മതികെട്ടാൻ, ഇടുക്കി തുടങ്ങിയ ഇടുക്കിയുടെ സംരക്ഷിത പ്രദേശങ്ങൾക്ക് ചുറ്റുമുള്ള ബഫർ സോണിൽ ഉൾപ്പെടുത്തേണ്ട നിരവധി കെട്ടിടങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിശദമായ പരിശോധന നടത്താൻ മന്ത്രി റോഷി അഗസ്റ്റിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ഇതനുസരിച്ച് വിവിധ പഞ്ചായത്തുകളിൽ വനം, റവന്യൂ, പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ യോഗങ്ങൾ ആരംഭിച്ചു. യോഗത്തിലെ തീരുമാനമനുസരിച്ചായിരിക്കും ഫീൽഡ് സർവേ ആരംഭിക്കുക. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് പുറമെ ജനപ്രതിനിധികളും സംഘടനാ പ്രതിനിധികളും അടങ്ങുന്ന സംഘം ഓരോ വാർഡിലും നേരിട്ടെത്തി പരിശോധന നടത്തും.
ഇതോടൊപ്പം ഒഴിവാക്കപ്പെട്ടവ ചേർക്കാൻ ജനങ്ങളിൽ നിന്നുള്ള അപേക്ഷകളും സ്വീകരിക്കും. ബഫർ സോണിൽ ജനസാന്ദ്രതയേറിയ പ്രദേശം ഉൾപ്പെടുന്നുവെന്ന് തെളിയിക്കുന്നതിനാണിത്. പെരിയാർ കടുവാ സങ്കേതത്തിനോട് ചേർന്നുള്ള കുമളി നഗരം മുഴുവൻ ബഫർ സോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ബിസിനസ്, ടൂറിസം മേഖലയിലുള്ളവർക്കിടയിലും ആശങ്ക ഉയർത്തിയിട്ടുണ്ട്.