ബഫർ സോൺ ; പുനഃപരിശോധനാ ഹർജിക്ക് പകരം കേന്ദ്രം നൽകിയത് വ്യക്തതയ്ക്കുള്ള അപേക്ഷ
ന്യൂഡൽഹി: വന്യജീവി സങ്കേതങ്ങളുടെയും ദേശീയ സംരക്ഷിത പാർക്കുകളുടെയും ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർ സോൺ നിർബന്ധമാക്കാനുള്ള തീരുമാനത്തിനെതിരെ കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്തത് ഭേദഗതിക്കും വ്യക്തതയ്ക്കുമുള്ള അപേക്ഷ മാത്രം. പുനഃപരിശോധനാ ഹർജി നൽകുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. തുറന്ന കോടതിയിൽ വാദങ്ങൾ അവതരിപ്പിക്കാനാണ് പുനഃപരിശോധനാ ഹർജിക്ക് പകരം ഭേദഗതിക്കും വ്യക്തതയ്ക്കും കേന്ദ്രസർക്കാർ അപേക്ഷ നൽകിയതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
2022 ജൂൺ 3 ലെ വിധിയിൽ ഭേദഗതിയും വ്യക്തതയും ആവശ്യപ്പെട്ടാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സുപ്രീം കോടതിയെ സമീപിച്ചത്. വിധിയിലെ 44 എ, 44 ഇ ഖണ്ഡികകളിൽ വ്യക്തതയും ഭേദഗതിയും ആവശ്യപ്പെട്ടാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സുപ്രീം കോടതിയിൽ ഹർജി നൽകിയത്.