ബഫര്‍ സോൺ; ജനത്തിന്റെ ആശങ്ക പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്ന് കെസിബിസി

കൊച്ചി: ബഫർ സോൺ വിഷയത്തിൽ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്ന അടിയന്തര നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് കെസിബിസി പ്രസിഡന്‍റ് കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ സമീപിച്ചാൽ ബഫർ സോണിൽ ആവശ്യമായ ഭേദഗതികൾക്ക് തയ്യാറാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആശങ്കകൾ പ്രകടിപ്പിക്കുന്നതിന് ഡിസംബർ 23 വരെ സമയപരിധി നിശ്ചയിച്ചത് തികച്ചും അപ്രായോഗികമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എതിർപ്പുകൾ പരിഹരിക്കാൻ കൂടുതൽ സമയം ആവശ്യമാണ്. കെ.സി.ബി.സി നേരത്തെ ആവശ്യപ്പെട്ടതുപോലെ ഗ്രാമ പഞ്ചായത്തുകളിൽ ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തിക്കണം. വനംവകുപ്പ് നിർദ്ദേശിച്ച 115 പഞ്ചായത്തുകളിലും ഇത് ആവശ്യമാണ്. ഉദ്യോഗസ്ഥരും കർഷക പ്രതിനിധികളും അടങ്ങുന്ന ടാസ്ക് ഫോഴ്സിനെയും നിയോഗിക്കണം. പട്ടയമോ സർവേ നമ്പറോ ലഭിക്കാതെ പതിറ്റാണ്ടുകളായി ഈ പ്രദേശങ്ങളിൽ താമസിക്കുന്ന കർഷകരുടെ പ്രശ്നം ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വന്യജീവി സങ്കേതങ്ങൾ ജനവാസ കേന്ദ്രങ്ങളുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ സംരക്ഷിത വനത്തിന്റെ ഒരു കിലോമീറ്റര്‍ എങ്കിലും ഉള്ളിലേക്ക് മാറ്റി വന്യജീവി സങ്കേതങ്ങളുടെ അതിര്‍ത്തി പുനഃനിര്‍ണയിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര വന്യജീവി ബോർഡിനെ ബോധ്യപ്പെടുത്തി പ്രശ്നത്തിന് ശാശ്വത പരിഹാരം സുപ്രീം കോടതി വഴി തേടണം. ജനങ്ങളുടെ പ്രധാന ആവശ്യം സർക്കാർ ഗൗരവത്തോടെയും ഉടനടിയും പരിഗണിക്കണമെന്ന് കർദിനാൾ ക്ലീമിസ് ബാവ പറഞ്ഞു.