ബഫര്‍ സോണ്‍; റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേരളം സാവകാശം തേടും
തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ സാവകാശം തേടി കേരളം സുപ്രീംകോടതിയിൽ അപേക്ഷ നല്‍കും. വന്യജീവി സങ്കേതങ്ങളുടെയും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള കെട്ടിടങ്ങൾ, ആവാസവ്യവസ്ഥകൾ മുതലായവയെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് മൂന്ന് മാസത്തിനുള്ളിൽ സമർപ്പിക്കണമെന്ന് കഴിഞ്ഞ ജൂണിൽ പുറപ്പെടുവിച്ച ഉത്തരവിൽ സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു.
സാറ്റലൈറ്റ് സർവേയ്ക്ക് പുറമേ, ഈ റിപ്പോർട്ട് തയ്യാറാക്കാൻ നേരിട്ടുള്ള സർവേയും നടത്തേണ്ടതുണ്ട്. ഇതിനായി കൂടുതൽ സമയം വേണമെന്ന് കേരളം സുപ്രീം കോടതിയെ അറിയിക്കും. ബഫർ സോൺ നിർബന്ധമാക്കികൊണ്ട് ജൂൺ മൂന്നിനു പുറപ്പെടുവിച്ച ഉത്തരവിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാർ സമർപ്പിച്ച ഹർജി സുപ്രീം കോടതി മെയ് 11നു പരിഗണിക്കും.
ഇതിനു മുന്നോടിയായിട്ടായിരിക്കും സാവകാശം തേടിയുള്ള കേരളത്തിന്‍റെ നീക്കം. പരിസ്ഥിതി ലോല മേഖല വിലയിരുത്തലുമായി ബന്ധപ്പെട്ട സ്ഥലപരിശോധന കോഴിക്കോട് ജില്ലയിലും ആരംഭിച്ചിട്ടുണ്ട്. കൂരാച്ചുണ്ട് പഞ്ചായത്തിലാണ് ആരംഭം. സാറ്റലൈറ്റ് സർവേ മാപ്പിന്‍റെയും വനംവകുപ്പിന്‍റെ കരട് ഭൂപടത്തിന്‍റെയും അടിസ്ഥാനത്തിലാണ് പരിശോധന.