ആശയക്കുഴപ്പം പരിഹരിക്കാനാവാതെ ബഫര്‍സോണ്‍ സർവേ; പരിഹരിക്കാൻ തിടുക്കപ്പെട്ട് സർക്കാർ

തിരുവനന്തപുരം: ബഫർ സോൺ നിർണ്ണയിക്കുന്നതിനായി നടത്തിയ ഉപഗ്രഹ സർവേയിൽ ആശയക്കുഴപ്പം. അതിർത്തികളിലെ അവ്യക്തതയെക്കുറിച്ച് ആശങ്കയിലാണ് മലയോര കർഷകർ. കർഷക സംഘടനകളുമായി സഹകരിച്ച് ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രശ്നം പരിഹരിക്കാൻ സർക്കാർ തിടുക്കപ്പെട്ട് നീക്കം ആരംഭിച്ചത്. ആവശ്യമെങ്കിൽ ഭൂതല സർവേ നടത്തുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.

സാറ്റലൈറ്റ് സർവേ റിപ്പോർട്ട് വന്നിട്ടും മലബാർ വന്യജീവി സങ്കേതത്തിലെ ബഫർ സോണിൽ അവ്യക്തത തുടരുകയാണ്. കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ, ചങ്ങരോത്ത്, മരുതോങ്കര, കൂരാച്ചുണ്ട്, പുതുപ്പാടി, കൂത്താളി, കട്ടിപ്പാറ എന്നീ ഏഴ് പഞ്ചായത്തുകളെയാണ് ബഫർ സോൺ കാര്യമായി ബാധിക്കുക. എന്നാൽ, പഞ്ചായത്തുകളുടെ ഏത് ഭാഗമാണ് ഇതിന്‍റെ പരിധിയിൽ വരുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.

അപാകതകൾ പരിഹരിക്കുമെന്ന് ഉറപ്പുനൽകിയ മന്ത്രി എ.കെ.ശശീന്ദ്രൻ ആവശ്യമുള്ളിടത്ത് ഭൂതല സർവേ നടത്തുമെന്ന് അറിയിച്ചു. കുടുംബശ്രീയെ ഇതിനായി ഉപയോഗിക്കും. അതേസമയം, പഞ്ചായത്ത് തലത്തിൽ ഹെൽപ്പ് ഡെസ്കുകൾ ആരംഭിക്കണമെന്ന ആവശ്യം വനം മന്ത്രിയുമായി ചർച്ച ചെയ്യുമെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു. കർഷകർക്ക് പരാതി നൽകാനുള്ള സമയപരിധി നീട്ടാനും ആലോചനയുണ്ട്.