ബഫർ സോൺ; പാർലമെന്‍റ് വളപ്പിൽ പ്രതിഷേധിച്ച് യുഡിഎഫ് എംപിമാർ

ന്യൂ ഡൽഹി: ബഫർ സോൺ സാറ്റലൈറ്റ് സർവേ റിപ്പോർട്ടിനെതിരെ യു.ഡി.എഫ് എം.പിമാർ പാർലമെന്‍റ് വളപ്പിൽ പ്രതിഷേധിച്ചു. സാറ്റലൈറ്റ് സർവേ നിർത്തലാക്കണമെന്നും ഫിസിക്കൽ സർവേ നടപ്പാക്കണമെന്നുമാണ് ആവശ്യം.

ഉപഗ്രഹ സർവേയിലൂടെ സ്ഥിതി കൂടുതൽ സങ്കീർണ്ണമായി. നേരത്തെ ബഫർ സോണിൽ ഉൾപ്പെടാത്ത പ്രദേശങ്ങൾ ഉപഗ്രഹ സർവേയിൽ ബഫർ സോണുകളായി മാറി. വനമേഖലയോട് ചേർന്നുള്ള കൃഷിഭൂമി പോലും പരിസ്ഥിതി ലോല മേഖലയായി മാറിയിരിക്കുന്നു. യു.ഡി.എഫ് സമരം തുടരും. ബഫർ സോണിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കുമെന്ന കേരള സർക്കാരിന്റെ വാഗ്ദാനം ലംഘിക്കപ്പെട്ടു. ബഫർസോൺ ഒഴിവാക്കി സുപ്രീം കോടതി വിധി ഉണ്ടായില്ലെങ്കിൽ അത് ലക്ഷക്കണക്കിന് ജനങ്ങളെ ബാധിക്കും. ഇതിന് എന്ത് തെളിവാണ് കേരള സർക്കാരിന്റെ പക്കലുള്ളതെന്നും എംപിമാർ ചോദിച്ചു.

നേരിട്ടുള്ള സർവേ ആവശ്യമാണ്. കെ റെയിൽ നടപ്പാക്കാൻ ശ്രമിച്ച പോലെ പിണറായി ഉപഗ്രഹ സർവേ എന്തിന് നടത്തിയെന്നും അവര്‍ ചോദിച്ചു.