സർവേ നമ്പറുകളോടുകൂടിയ ബഫർസോൺ ഭൂപടം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സർവേ നമ്പർ ഉൾപ്പെടുത്തിയ ബഫർ സോൺ മാപ്പ് വനംവകുപ്പ് പ്രസിദ്ധീകരിച്ചു. ഇക്കാര്യത്തിൽ പരാതിയുണ്ടെങ്കിൽ ജനുവരി ഏഴിനകം ഫയൽ ചെയ്യാം. കരട് ഇന്നലെയാണ് പ്രസിദ്ധീകരിച്ചത്. എന്നാൽ കരട് ഭൂപടത്തിൽ പിശകുകളുണ്ടെന്ന് വിദഗ്ധ സമിതി തന്നെ കണ്ടെത്തി. ഇതേതുടർന്ന് സമിതി ഓൺലൈനായി യോഗം ചേർന്ന് പിശകുകൾ തിരുത്തി മാപ്പ് പ്രസിദ്ധീകരിക്കണമെന്ന് നിർദ്ദേശിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ സർവേ നമ്പറുകളുള്ള ഒരു ഭൂപടം പ്രസിദ്ധീകരിച്ചു.

അതേസമയം ബഫർ സോണുമായി ബന്ധപ്പെട്ട് പരിശോധന നടത്താൻ നിയോഗിച്ച വിദഗ്ധ സമിതിയുടെ കാലാവധി സർക്കാർ നീട്ടി. 2023 ഫെബ്രുവരി 28 വരെയാണ് കാലാവധി നീട്ടിയത്. 2022 ഡിസംബർ വരെയായിരുന്നു സമിതിയുടെ കാലാവധി. ബഫർ സോണുകളിൽ നേരിട്ടുള്ള പരിശോധന പൂർത്തിയാകാത്ത സാഹചര്യത്തിലാണ് കാലാവധി നീട്ടിയത്.

ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ അധ്യക്ഷനായ സമിതിയിൽ പരിസ്ഥിതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, പ്രിൻസിപ്പൽ ചീഫ് കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ്, പ്രിൻസിപ്പൽ ചീഫ് കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ്(വന്യജീവി) എന്നിവരാണ് അംഗങ്ങൾ.