ഖാദി ബോർഡ് വൈസ് ചെയർമാന് ബുള്ളറ്റ് പ്രൂഫ് കാർ; പ്രതികരണവുമായി പി. ജയരാജൻ
തിരുവനന്തപുരം: വാങ്ങുന്ന കാർ കടന്ന് ബുള്ളറ്റ് വരുമോ എന്ന് ഭയന്ന് ജീവിക്കേണ്ട അവസ്ഥ തനിക്കില്ലെന്നും തിരുവോണ ദിവസം ആർ.എസ്.എസുകാർ ഇരച്ചുകയറി തലങ്ങും വിലങ്ങും വെട്ടിയപ്പോൾ കവചമായി ആകെ ഉണ്ടായിരുന്നത് ചൂരൽക്കസേരയാണെന്നും പി. ജയരാജൻ. അതുപയോഗിച്ച് പ്രതിരോധിച്ചതിന്റെ ബാക്കിയാണ് ഇന്നും ജീവിച്ചിരിക്കുന്ന പി. ജയരാജനെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പരമാവധി 35 ലക്ഷത്തിന്‍റെ വാഹനത്തിനാണ് അനുമതി ലഭിച്ചതെന്ന് പി ജയരാജന്‍ വ്യക്തമാക്കി.
ഖാദി ബോർഡ് വൈസ് ചെയർമാന് ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങുന്നുവെന്ന വാർത്തയെക്കുറിച്ചാണ് വൈകാരിക പ്രതികരണം. കഴിഞ്ഞ 10 വർഷമായി വൈസ് ചെയർമാൻ ഉപയോഗിക്കുന്നത് ഇന്നോവയാണ്. കാലപ്പഴക്കം കൊണ്ടും ഉപയോഗം കൊണ്ടും എന്നേ ആ വാഹനം മാറ്റേണ്ട നിലയിലാണ്. ഖാദി ബോർഡിന്‍റെ ചുമതലകള്‍ നിർവ്വഹിക്കുന്നതിൻ്റെ ഭാഗമായി നിരന്തരം ദീർഘയാത്രകൾ വേണ്ടിവരാറുണ്ട്. നിരന്തരം അറ്റകുറ്റപ്പണി ചെയ്യേണ്ടി വരുന്ന ആ കാറിൽ പലയിടത്തും ഉദ്ദേശിക്കുന്ന സമയത്ത് എത്താനാവാത്ത സ്ഥിതിയുമുണ്ട്. ഈ അവസ്ഥയിലാണ് പുതിയ വാഹനം വാങ്ങാൻ അനുമതി ലഭിക്കുന്നത്. സ്ഥിരമായി കേടുവന്ന് യാത്രാപ്രശ്നങ്ങളിൽ പെടുന്ന പഴയ കാറിന് പകരം പുതിയതൊന്നു വേണം. അത്രയേ ഇക്കാര്യത്തിൽ കണ്ടിട്ടുള്ളൂ.
മാധ്യമങ്ങൾക്ക് സി.പി.എമ്മിനെതിരെയുള്ള എന്തും വാർത്തയാണ്. ഇപ്പോൾ മാധ്യമ കുന്തമുന ഒരിക്കൽക്കൂടി എനിക്കുനേരെ തിരിഞ്ഞിരിക്കുന്നു. പാർട്ടി ഏൽപ്പിച്ച ചുമതലകളായാണ് ഖാദി ബോർഡ് അടക്കം ഏതു സ്ഥാനത്തേയും കാണുന്നത്. വൈസ് ചെയർമാന് ബുള്ളറ്റ് പ്രൂഫ് കാർ എന്ന വ്യാജ വാർത്ത സൃഷ്ടിച്ച് പാവപ്പെട്ട ഖാദി തൊഴിലാളികളുടെ കഞ്ഞികുടി മുട്ടിക്കരുത്. വലതുപക്ഷ-വർഗീയ മാധ്യമങ്ങളുടെ ഭാവനാവിലാസങ്ങൾ മലയാളിയുടെ കണ്ണിൽ പൊടിയിടാനുള്ള വിഫലശ്രമമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.