ലോകകപ്പിന് ഇന്ത്യന്‍ ടീമിനൊപ്പം ബുമ്രയും ഓസ്ട്രേലിയയിലേക്കെന്ന് സൂചന

മുംബൈ: ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ടീമിന് ഇതാ ഒരു നല്ല വാർത്ത. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്ക് ശേഷം പരിക്കേറ്റ ജസ്പ്രീത് ബുംറ ലോകകപ്പിൽ കളിക്കില്ലെന്ന് തീര്‍ത്തു പറയാറായിട്ടില്ലെന്നും ലോകകപ്പിനായി അടുത്ത മാസം ഓസ്ട്രേലിയയിലേക്ക് പുറപ്പെടുന്ന ഇന്ത്യൻ ടീമിനൊപ്പം ബുമ്രയും ഉണ്ടാകുമെന്നുമാണ് സൂചന.

ഒക്ടോബർ 15 ന് മുമ്പ് മാത്രമേ ബുംറയുടെ കാര്യത്തിൽ ടീം മാനേജ്മെന്‍റ് അന്തിമ തീരുമാനമെടുക്കൂ. ബുംറയ്ക്ക് ലോകകപ്പിൽ കളിക്കാൻ കഴിയില്ലെന്ന് ബിസിസിഐ മെഡിക്കൽ ടീം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അതുകൊണ്ടാണ് ബുംറയ്ക്ക് പകരക്കാരനായി ഇതുവരെ ലോകകപ്പ് ടീമിൽ ആരെയും പ്രഖ്യാപിക്കാത്തത്.