ദീപാവലിക്ക് പടക്കം പൊട്ടിക്കല്‍ രാത്രി 8 മുതൽ 10 വരെ; സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരം: വായു മലിനീകരണം തടയുന്നതിന്‍റെ ഭാഗമായി പടക്കം പൊട്ടിക്കുന്നത് ദീപാവലി ആഘോഷ വേളയിൽ രാത്രി 8 മുതൽ രാത്രി 10 വരെയും ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളിൽ രാത്രി 11.55 മുതൽ പുലർച്ചെ 12.30 വരെയുമാക്കി നിയന്ത്രിച്ച് സർക്കാർ ഉത്തരവിറക്കി.

ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് നിർദേശം. ദീപാവലി ആഘോഷങ്ങൾക്കായി രാത്രി 8 മുതൽ രാത്രി 10 വരെയും ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്ക് രാത്രി 11.55 മുതൽ 12.30 വരെയും മാത്രം പടക്കം പൊട്ടിക്കുന്നത് ട്രിബ്യൂണലിന്‍റെ ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ആഘോഷങ്ങളിൽ ഹരിത പടക്കങ്ങൾ മാത്രമേ ഉപയോഗിക്കാവൂ. പടക്കം പൊട്ടിക്കുന്നതിന് സമയ നിയന്ത്രണം ഉറപ്പാക്കാനും സംസ്ഥാനത്ത് ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കുന്നുള്ളൂവെന്ന് ഉറപ്പാക്കാനും ജില്ലാ കളക്ടർമാർക്കും ജില്ലാ പോലീസ് മേധാവിമാർക്കും നിർദ്ദേശം നൽകി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.