താമരശ്ശേരി ചുരത്തില്‍ ബസ് അപകടം; ആർക്കും പരിക്കില്ല

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ബസ് അപകടം നടന്നു. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വന്ന കർണാടക ട്രാൻസ്പോർട്ട് ബസ് ഏഴാം വളവിൽ അപകടത്തിൽപ്പെടുകയായിരുന്നു. ചുരത്തിന്‍റെ സംരക്ഷണഭിത്തി കടന്ന് മൂന്ന് മീറ്ററോളം പുറത്തേക്ക് ഇറങ്ങിയാണ് ബസ് നിന്നത്.

തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ യാത്രക്കാർക്കോ ബസ് ജീവനക്കാർക്കോ പരിക്കേറ്റിട്ടില്ല.

ബസിലുണ്ടായിരുന്നവരെ അതുവഴി വന്ന വാഹനങ്ങളിൽ കോഴിക്കോട് എത്തിച്ചു. അപകടസ്ഥലത്ത് നിന്ന് ബസ് മാറ്റാൻ കഴിഞ്ഞിട്ടില്ല. ക്രെയിൻ ഉപയോഗിച്ച് ബസ് നീക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. അപകടത്തെ തുടർന്ന് ചുരത്തിലൂടെയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.