വടക്കഞ്ചേരിയിലെ ബസ് അപകടം; ബസ് ഉടമയും അറസ്റ്റിൽ

പാലക്കാട്: വടക്കഞ്ചേരിയിൽ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണമായ ബസ് ഉടമ അരുൺ അറസ്റ്റിൽ. പ്രേരണാക്കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 19 തവണയാണ് ബസ് വേഗപരിധി ലംഘിച്ചതെന്ന് പൊലീസ് പറഞ്ഞു. വേഗത വർദ്ധിച്ചതായി മുന്നറിയിപ്പ് ലഭിച്ചിട്ടും ഉടമ അരുൺ മുന്നറിയിപ്പ് അവഗണിച്ചു.

പ്രതി ജോജോ പത്രോസിനെ രക്ഷിക്കാൻ ശ്രമിച്ചതിനും ഇയാൾക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്തുവരികയാണെന്ന് പാലക്കാട് എസ്.പി ആർ.വിശ്വനാഥ് പറഞ്ഞു.

അതേസമയം, വടക്കഞ്ചേരി ബസ് അപകടം നടന്ന സ്ഥലത്ത് ആർടിഒ എൻഫോഴ്സ്മെന്‍റ് വിശദമായ പരിശോധന പൂർത്തിയാക്കി. വാഹനത്തിന്‍റെ വേഗത രേഖപ്പെടുത്തുന്ന ക്യാമറ പോർഡ് മുതൽ ടൂറിസ്റ്റ് ബസ് കെ.എസ്.ആർ.ടി.സി ബസിൽ ഇടിച്ച സ്ഥലം വരെയാണ് പരിശോധന നടത്തിയത്. ഉച്ചയ്ക്ക് 12.45ന് ആരംഭിച്ച നടപടികൾ 3.45നാണ് അവസാനിച്ചത്. റിപ്പോർട്ട് വൈകുന്നേരത്തോടെ തന്നെ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് കൈമാറും.