ബൈജൂസിന്‍റെ ലാഭം കുത്തനെ ഇടിഞ്ഞു ; 4588 കോടിയുടെ നഷ്ടം

ന്യൂഡൽഹി: എഡ്യുടെക് ഭീമനായ ബൈജൂസിന്‍റെ ലാഭം കുത്തനെ ഇടിഞ്ഞു. 2021 സാമ്പത്തിക വർഷത്തിൽ 4,588 കോടി രൂപയുടെ നഷ്ടമാണ് ബൈജൂസ് റിപ്പോർട്ട് ചെയ്തത്. പ്രതിദിനം 12.5 കോടി രൂപയുടെ നഷ്ടമാണ് കമ്പനി നേരിടുന്നത്. കമ്പനിയുടെ വരുമാനവും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറഞ്ഞു. വരുമാനം 2,704 കോടി രൂപയിൽ നിന്ന് 2,428 കോടി രൂപയായി കുറഞ്ഞു.

2020-21 സാമ്പത്തിക വർഷത്തിൽ ലാഭമുണ്ടാകാത്തത് ബൈജൂസിന് വലിയ തിരിച്ചടിയാണ് നൽകുന്നത്. കൊവിഡ് കാരണം ഈ കാലയളവിൽ സ്കൂളുകൾ അടച്ചിരുന്നു. എല്ലാവരും ഓൺലൈൻ പഠനത്തിലേക്ക് തിരിഞ്ഞ സമയത്ത് പോലും നേട്ടമുണ്ടാക്കാൻ കഴിയാത്തതാണ് ബൈജൂസിന് തിരിച്ചടിയാകുന്നത്.

ഓഡിറ്റർ ഡിലോയിറ്റുമായുള്ള തർക്കത്തെ തുടർന്ന് വൈകിയാണ് ബൈജൂസിന്‍റെ സാമ്പത്തിക വിശദാംശങ്ങൾ പുറത്തുവന്നത്. ബൈജൂസിന്‍റെ ലാഭം കണക്കാക്കുന്നതിൽ ചില പ്രശ്നങ്ങൾ ഡിലോയിറ്റ് ചൂണ്ടിക്കാണിച്ചതായി റിപ്പോർട്ടുണ്ട്. ഇത് കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന് സാമ്പത്തിക റിപ്പോർട്ട് സമർപ്പിക്കുന്നതിൽ കാലതാമസമുണ്ടാക്കി. എന്നാൽ, 2022 സാമ്പത്തിക വർഷത്തിൽ വരുമാനം 10,000 കോടി രൂപയിലെത്തിയതായാണ് ബൈജൂസ് പറയുന്നത്. ആ വർഷത്തെ ലാഭമോ നഷ്ടമോ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.