വി സി നിയമനത്തില്‍ ഗവർണറുടെ അധികാരം കുറയ്ക്കുന്ന ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി
തിരുവനന്തപുരം: വി.സി നിയമനത്തിൽ ഗവർണറുടെ അധികാരം കുറയ്ക്കാനുള്ള ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. വി.സി നിയമന സമിതിയുടെ ഘടന മാറ്റാനുള്ള ബിൽ നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. ഗവർണറുടെ പ്രതിനിധിയെ സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന വിധത്തിൽ ഗവർണറുടെ അധികാരങ്ങൾ പരിമിതപ്പെടുത്താനുള്ള ബില്ലിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. സെർച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം അഞ്ചായി ഉയർത്തും.
ഗവർണറുടെ അധികാരങ്ങൾ കുറയ്ക്കുന്നതിനുള്ള ബിൽ സംസ്ഥാന സർക്കാർ നേരത്തെ നിയമവകുപ്പിന്‍റെ പരിഗണനയ്ക്ക് അയച്ചിരുന്നു. സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ഗവർണറുടെ അധികാരം പരിമിതപ്പെടുത്തുന്ന ബില്ലിനാണ് നിലവില്‍ മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്. ഈ മാസം 22ന് ചേരുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ നിയമസഭയിൽ അവതരിപ്പിക്കും.
നിലവിൽ മൂന്നംഗ സെർച്ച് കമ്മിറ്റിയാണ് വൈസ് ചാൻസലറെ തിരഞ്ഞെടുക്കുന്നത്. ഗവർണറുടെ പ്രതിനിധി, യുജിസിയുടെ പ്രതിനിധി, സർവകലാശാലയുടെ പ്രതിനിധി എന്നിവർ ഇതിൽ ഉൾപ്പെടുന്നു. ഇതില്‍ ഗവര്‍ണറുടെ പ്രതിനിധിയെ ഗവര്‍ണര്‍ തന്നെ നിശ്ചയിക്കുന്ന രീതിയാണ് നിലവിലുള്ളത്. ഇതിന് വിപരീതമായി ഗവർണറുടെ പ്രതിനിധിയെ സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന രീതിയിൽ ഭേദഗതി വരുത്താനാണ് സർക്കാർ നീക്കം.