മിൽമ പാലിന് 6 രൂപ കൂട്ടാൻ മന്ത്രിസഭയുടെ അനുമതി
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന്‍റെ വില ലിറ്ററിന് ആറ് രൂപ വർദ്ധിപ്പിക്കാൻ തീരുമാനം. വില വർദ്ധനവിന് മന്ത്രിസഭ അംഗീകാരം നൽകി. വർദ്ധനവ് എപ്പോൾ മുതൽ വേണമെന്ന് മിൽമ ചെയർമാന് തീരുമാനിക്കാം. പാലിന്‍റെ വിലയിൽ കുറഞ്ഞത് അഞ്ച് രൂപയെങ്കിലും വർദ്ധനവുണ്ടാകുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞതിന് തൊട്ടുപിന്നാലെ ആറ് രൂപ വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.
സർക്കാർ അനുമതി നൽകിയാലുടൻ വർദ്ധനവ് നടപ്പാക്കാനായിരുന്നു മിൽമയുടെ പദ്ധതി. എന്നാൽ മിൽമ പാൽ വില വർദ്ധനവ് ഡിസംബർ ഒന്ന് മുതൽ നടപ്പാക്കുമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അനുബന്ധ ഉൽപ്പന്നങ്ങളുടെ വിലയും വർദ്ധിപ്പിക്കും. മിൽമ നിയോഗിച്ച വിദഗ്ധ സമിതി പാലിന്‍റെ വില ലിറ്ററിന് 8.57 രൂപ വർദ്ധിപ്പിക്കണമെന്നാണ് ശുപാർശ ചെയ്തത്.
ഒറ്റയടിക്ക് തുക വർദ്ധിപ്പിക്കുന്നത് പ്രതിഷേധത്തിന് ഇടയാക്കുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് തുക ആറ് രൂപ വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്. ക്ഷീരകർഷകരുടെ നഷ്ടം ചൂണ്ടിക്കാട്ടിയാണ് വില വർദ്ധിപ്പിക്കുന്നതെങ്കിലും സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ കർഷകർക്ക് ലഭിക്കുന്നില്ലെന്നും ആരോപണമുണ്ട്. കാലിത്തീറ്റയ്ക്കടക്കം വില ഇരട്ടിയായ സാഹചര്യത്തിൽ ആനുകൂല്യങ്ങൾ നേരിട്ട് ലഭ്യമാക്കണമെന്നാണ് ക്ഷീരകർഷകരുടെ ആവശ്യം.