മഹാരാഷ്ട്ര മന്ത്രിസഭയിലെ മന്ത്രി സ്ഥാനങ്ങള്‍ ധാരണയായി

മുംബൈ: മഹാരാഷ്ട്രയിലെ ഏക്നാഥ് ഷിൻഡെ മന്ത്രിസഭയിൽ മന്ത്രിസ്ഥാനം സംബന്ധിച്ച് ധാരണയായി. മന്ത്രിസഭയിൽ 45 അംഗങ്ങൾ ഉണ്ടായേക്കുമെന്നാണ് സൂചന. ഇതിൽ 25 മന്ത്രിസ്ഥാനങ്ങൾ ബി.ജെ.പിക്കും 13 എണ്ണം ഷിൻഡെയ്ക്കൊപ്പമുള്ള ശിവസേന എം.എൽ.എമാർക്കും ലഭിക്കും. ശേഷിക്കുന്ന ഏഴ് മന്ത്രിസ്ഥാനങ്ങൾ സ്വതന്ത്രർക്ക് നൽകുമെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു.

പുതിയ സർക്കാരിൽ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഒഴികെ ബാക്കിയുള്ളവർ പുതുമുഖങ്ങളായിരിക്കുമെന്നാണ് വിവരം. അതേസമയം, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പുതുമുഖങ്ങളെ മന്ത്രിമാരായി അവതരിപ്പിക്കാനാണ് ബിജെപിയുടെ ആലോചന. ശിവസേന എംഎൽഎമാരെ അയോഗ്യരാക്കിയ വിഷയത്തിൽ ജൂലൈ 11ന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിക്ക് ശേഷമായിരിക്കും മന്ത്രിസ്ഥാനം സംബന്ധിച്ച അന്തിമ പ്രഖ്യാപനം.

ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ശിവസേന എംഎൽഎമാരുടെ വിമത നീക്കത്തെ തുടർന്നാണ് മഹാവികാസ് അഘാഡി സർക്കാർ താഴെ വീണത്. പിന്നീട് ബിജെപിയും ഏക്നാഥ് ഷിൻഡെ ക്യാമ്പും ചേർന്ന് പുതിയ സർക്കാർ രൂപീകരിച്ചു. മുഖ്യമന്ത്രിയായി ഏക്‌നാഥ് ഷിന്ദേയും ഉപമുഖ്യമന്ത്രിയായി ബി.ജെ.പി. നേതാവും മുന്‍മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസും ജൂണ്‍ 30-ന് സത്യപ്രതിജ്ഞ ചെയ്തിരുന്നു.