കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് പാകിസ്ഥാൻ അനുകൂല സമീപനമെന്ന് കെ. സുരേന്ദ്രൻ
തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാല ലൈബ്രറിയിലെ ഡിസ്പ്ലേ ബോക്സിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ‘മോദി @20 ഡ്രീംസ് മീറ്റ് ഡെലിവറി’ എന്ന പുസ്തകം നീക്കം ചെയ്തത് പാകിസ്ഥാൻ അനുകൂല സമീപനത്തിന്‍റെ ഭാഗമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. സർവകലാശാല അധികൃതർ ദേശവിരുദ്ധ ശക്തികളുടെ സമ്മർദ്ദത്തിന് വഴങ്ങുകയും രാജ്യത്തിന്‍റെ മഹത്തായ ജനാധിപത്യത്തെയും ഭരണഘടനയെയും അവഹേളിക്കുകയും ചെയ്തുവെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
നരേന്ദ്ര മോദി ഓടിളക്കി വന്ന് പ്രധാനമന്ത്രിയായതല്ലെന്ന കാര്യം സർവകലാശാല അധികൃതർ മറക്കരുത്. ഇന്ത്യയിലെ ജനങ്ങൾ വൻ ഭൂരിപക്ഷം നൽകി തുടർച്ചയായി രണ്ട് തവണ പ്രധാനമന്ത്രിയാക്കിയ വ്യക്തിയാണ് അദ്ദേഹം. ഇന്ത്യൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പുസ്തകം പോലും ലൈബ്രറിയിൽ സൂക്ഷിക്കാൻ പാടില്ലെന്ന താലിബാനിസത്തെ ബി.ജെ.പി അംഗീകരിക്കില്ല. ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ചും അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചും സംസാരിക്കുന്ന ഇടത് സർക്കാർ ഭരിക്കുന്ന സംസ്ഥാനത്താണ് ഇത്രയും വലിയ അസഹിഷ്ണുത നടക്കുന്നതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
നരേന്ദ്ര മോദിയെക്കുറിച്ച് രാജ്യത്തെ 20 പ്രമുഖ വ്യക്തികൾ എഴുതിയ മോദി @20 എന്ന പുസ്തകത്തിന്‍റെ നിരോധനത്തിനെതിരെ ബിജെപി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ക്യാമ്പസുകളിലും പുസ്തകോത്സവം സംഘടിപ്പിക്കും. സർവകലാശാല അധികൃതർ നിരോധനം പിൻവലിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.