മോദിയെ കൊല്ലാൻ ആഹ്വാനം; കോണ്‍ഗ്രസ് നേതാവ് രാജ പട്ടേരിയ അറസ്റ്റിൽ

ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ ആഹ്വാനം ചെയ്ത് വിവാദ പ്രസംഗം നടത്തിയ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. മധ്യപ്രദേശിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ രാജ പട്ടേരിയയാണ് അറസ്റ്റിലായത്. പ്രസംഗം വിവാദമായതിനെ തുടർന്ന് പട്ടേരിയയ്ക്കെതിരെ കേസെടുക്കാൻ മധ്യപ്രദേശ് സർക്കാർ നേരത്തെ നിർദേശം നൽകിയിരുന്നു.

നിരവധി പാർട്ടി പ്രവർത്തകർ പങ്കെടുത്ത പരിപാടിയിലാണ് പ്രധാനമന്ത്രിയെ കൊല്ലാൻ തയ്യാറാവണമെന്ന് പട്ടേരിയ ആവശ്യപ്പെട്ടത്. ‘മോദി തിരഞ്ഞെടുപ്പ് അവസാനിപ്പിക്കും. ജാതിയുടെയും മതത്തിന്‍റെയും ഭാഷയുടെയും അടിസ്ഥാനത്തിൽ ജനങ്ങളെ വിഭജിക്കും. ദളിതരുടെയും ആദിവാസികളുടെയും ന്യൂനപക്ഷങ്ങളുടെയും ജീവൻ അപകടത്തിലാക്കും.’ ഭരണഘടനയെ രക്ഷിക്കണമെങ്കിൽ മോദിയെ കൊല്ലാൻ തയ്യാറാവണമെന്നും പട്ടേരിയ പറഞ്ഞു.

സംഭവത്തിന്‍റെ വീഡിയോ പുറത്തുവന്നതോടെ പട്ടേരിയയ്ക്കെതിരെ വലിയ രോഷം ഉയർന്നിരുന്നു. കൊല്ലുക എന്നുവച്ചാല്‍ തോല്‍പ്പിക്കുക എന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് അദ്ദേഹം പിന്നീട് വിശദീകരിച്ചെങ്കിലും വിവാദം ശമിച്ചില്ല. കേസ് രജിസ്റ്റർ ചെയ്ത ശേഷം പൊലീസ് ദാമോ ജില്ലയിലെ ഹാത്ത ടൗണിലെ പട്ടേരിയയുടെ വീട്ടിലെത്തി ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.