മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ ക്യാംപയിൻ; ഗുജറാത്ത് പിടിക്കാൻ എഎപി

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാനുള്ള ക്യാംപയിനിന് തുടക്കമിട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ‘നിങ്ങളുടെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുക’ എന്ന ക്യാംപയിനിലൂടെ ജനങ്ങൾക്ക് തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാം. സംസ്ഥാനത്ത് റാലികളും ടൗൺ ഹാളുകളും സംഘടിപ്പിച്ചും സൗജന്യ വൈദ്യുതി, മികച്ച വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയ നിരവധി വാഗ്ദാനങ്ങൾ നൽകിയുമാണ് കെജ്രിവാൾ ഗുജറാത്ത് പിടിച്ചെടുക്കാൻ പ്രചാരണം നടത്തുന്നത്.

“ജനങ്ങൾക്ക് മാറ്റം ആവശ്യമാണ്. പണപ്പെരുപ്പത്തിൽ നിന്നും തൊഴിലില്ലായ്മയിൽ നിന്നും ആശ്വാസം ആവശ്യമാണ്. ഒരു വർഷം മുമ്പാണ് ബി.ജെ.പി മുഖ്യമന്ത്രിയെ മാറ്റിയത്. ആദ്യം വിജയ് രൂപാണി. എന്തുകൊണ്ടാണ് അവർ അദ്ദേഹത്തെ മാറ്റി ഭൂപേന്ദ്ര പട്ടേലിനെ നിയമിച്ചത്? ഇതിനർത്ഥം വിജയ് രൂപാണിക്ക് എന്തെങ്കിലും കുഴപ്പമുണ്ടെന്നാണോ?” കെജ്രിവാൾ ചോദിച്ചു. 

രൂപാണിയെ കൊണ്ടുവന്നപ്പോൾ പൊതുജനങ്ങളോട് ചോദിച്ചില്ല. ജനാധിപത്യത്തിൽ മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. ആരെയാണ് മുഖ്യമന്ത്രിയാക്കേണ്ടതെന്ന് പൊതുജനങ്ങളോട് ചോദിച്ചാണ് ആം ആദ്മി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നത്. ആരാണ് പഞ്ചാബിന്‍റെ മുഖ്യമന്ത്രിയാകേണ്ടതെന്ന് ഞങ്ങൾ ജനങ്ങളോട് ചോദിച്ചു. ജനങ്ങളുടെ ആഗ്രഹപ്രകാരമാണ് ഭഗവന്ത് മാനെ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.