കൈത്തോക്ക് വിൽപ്പന നിരോധിച്ച് കാനഡ; ഇറക്കുമതിയും തടയും
ഒട്ടാവ: കൈത്തോക്കുകളുടെ വിൽപ്പന, വാങ്ങൽ, കൈമാറ്റം എന്നിവ കാനഡ നിരോധിച്ചു. കൈത്തോക്ക് ഇറക്കുമതി നിരോധിക്കാനുള്ള മുൻകാല ശ്രമങ്ങളുടെ അടിസ്ഥാനത്തിലാണ് നിരോധനം ഏർപ്പെടുത്തിയതെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അറിയിച്ചു. രാജ്യത്ത് തോക്ക് ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നത് തടയുകയാണ് ലക്ഷ്യം.
തോക്ക് വ്യാപാരവുമായി ബന്ധപ്പെട്ട് 40 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ നിയന്ത്രണ നടപടിയായിരിക്കുമിതെന്ന് ട്രൂഡോ പറഞ്ഞു. കൈത്തോക്കുകളുടെ വിൽപ്പന നിരോധിക്കാനുള്ള ബിൽ 2022 മെയ് മാസത്തിലാണ് പാർലമെന്‍റിൽ അവതരിപ്പിച്ചത്.
ഗാർഹിക പീഡനം, ക്രിമിനൽ അക്രമ കേസുകളിൽ ഉൾപ്പെട്ട ആളുകളുടെ കൈവശമുള്ള തോക്കുകളുടെ ലൈസൻസ് റദ്ദാക്കാനും ബിൽ നിർദ്ദേശിച്ചു. ഇത് തോക്ക് ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തോക്ക് കടത്ത് തടയുന്നതിനുള്ള നടപടികളും ബിൽ നിർദ്ദേശിക്കുന്നുണ്ട്.