കെടിയു വിസി നിയമനം റദ്ദാക്കൽ; പുനഃപരിശോധനാ ഹര്‍ജിയില്‍ തിരിച്ചടി നേരിട്ട് ഡോ.രാജശ്രീ

ന്യൂഡല്‍ഹി: സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ വിധിക്കെതിരെ മുന്‍ വിസി ഡോ. രാജശ്രീ എം.എസ് സമർപ്പിച്ച പുനഃപരിശോധനാ ഹര്‍ജി തള്ളി സുപ്രീം കോടതി. ജസ്റ്റിസുമാരായ എം.ആര്‍ ഷാ, സി.ടി രവികുമാര്‍ എന്നിവരുൾപ്പെട്ട ബെഞ്ചാണ് പുനഃപരിശോധനാ ഹര്‍ജി തള്ളിയത്.

നിയമനം റദ്ദാക്കിയ വിധിയിൽ ഇതുവരെ ലഭിച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സംബന്ധിച്ച് ഒരു നിലപാടും വ്യക്തമാക്കിയിട്ടില്ലെന്നും എന്നാൽ വൈസ് ചാൻസലറായിരുന്ന കാലത്തെ പെൻഷന് രാജശ്രീക്ക് അർഹതയില്ലെന്നും പുനഃപരിശോധനാ ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിൽ സുപ്രീം കോടതി വ്യക്തമാക്കി.

വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് ഒരാളുടെ പേര് മാത്രം ശുപാര്‍ശ ചെയ്ത സെലക്ഷന്‍ കമ്മിറ്റിയുടെ നടപടി തെറ്റാണെങ്കില്‍ അതിന് നിരപരാധിയായ താന്‍ ബലിയാടാകുകയിരുന്നെന്നും പുനഃപരിശോധനാ ഹര്‍ജിയില്‍ രാജശ്രീ ചൂണ്ടിക്കാട്ടിയിരുന്നു. നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധി സമൂഹത്തിന് മുന്നിലും, സഹപ്രവര്‍ത്തകര്‍ക്ക് മുന്നിലും തന്നെ അപമാനിതയാക്കിയെന്നും തന്നെ ബഹുമാനത്തോടെ കണ്ടിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലും താന്‍ അപമാനിക്കപ്പെട്ടുവെന്നും ഹര്‍ജിയില്‍ പറയുന്നു. പുനഃപരിശോധനാ ഹർജി തള്ളിയതോടെ തിരുത്തൽ ഹർജി നൽകുക എന്നത് മാത്രമാണ് ഇനി രാജശ്രീക്ക് മുന്നിലുള്ള നിയമപരമായ സാധ്യത.