ആഴ്ചയിലൊരിക്കൽ എല്ലാ സർക്കാർ ആശുപത്രികളിലും കാൻസർ പ്രാരംഭ പരിശോധനാ ക്ലിനിക്ക്
തലശ്ശേരി: എല്ലാ സർക്കാർ ആശുപത്രികളിലും ആഴ്ചയിൽ ഒരു ദിവസം കാൻസർ പ്രാരംഭ സ്ക്രീനിംഗ് ക്ലിനിക്ക് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോടിയേരി മലബാർ കാൻസർ സെന്‍റർ (പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസ് ആൻഡ് റിസർച്ച്) നവീകരിച്ച ഒ.പി സമുച്ചയം, വിദ്യാർത്ഥികൾക്കുള്ള ഹോസ്റ്റൽ , ഡിജിറ്റൽ പാത്തോളജി എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ആദ്യഘട്ടത്തിൽ തന്നെ കാൻസർ കണ്ടെത്താനുള്ള സൗകര്യം സർക്കാർ ആശുപത്രികളിൽ ഒരുക്കും. കാൻസർ സെന്‍റർ, മെഡിക്കൽ കോളേജ്, ജില്ലാ, ജനറൽ, താലൂക്ക് ആശുപത്രികൾ എന്നിവ ഉൾപ്പെടുത്തി ചികിത്സ വികേന്ദ്രീകരിക്കും. കാൻസറിനെ പ്രതിരോധിക്കാൻ സമഗ്രമായ പദ്ധതി ആവിഷ്കരിക്കും. എം.സി.സിയെ ലോകത്തിലെ മുൻനിര സ്ഥാപനമായി ഉയർത്തുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.