കാൻസർ സ്ഥിരീകരിക്കപ്പെടുന്നത് പെൺകുട്ടികളേക്കാൾ കൂടുതൽ ആൺകുട്ടികളിൽ

പെൺകുട്ടികളേക്കാൾ ആൺകുട്ടികളിലാണ് ഇന്ത്യയിൽ ക്യാൻസർ കേസുകൾ കൂടുതലായി കണ്ടുവരുന്നതെന്ന് പഠനം. ശാരീരിക സവിശേഷതകൾ കൊണ്ടല്ല, മറിച്ച് ലിംഗവിവേചനം മൂലമാണ് പെൺകുട്ടികൾ രോഗനിർണയത്തിൽ പിന്നോട്ട് പോയത്. ലാൻസെറ്റ് ഓങ്കോളജിയിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

19 വയസ് വരെ പ്രായമുള്ളവരെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. 2005 ജനുവരി 1 മുതൽ 2019 ഡിസംബർ വരെയുള്ള ഇന്ത്യയിലെ മൂന്ന് കാൻസർ സെന്‍ററുകളിൽ നിന്നുള്ള ഡാറ്റയാണ് പഠനത്തിനായി ഉപയോഗിച്ചത്. രണ്ട് പിബിസിആറിൽ നിന്നുള്ള ഡാറ്റയും (പോപ്പുലേഷൻ ബേസ്ഡ് കാൻസർ രജിസ്ട്രി) ഉപയോഗിച്ചു. 2005 ജനുവരി 1 മുതൽ 2014 ഡിസംബർ 31 വരെ ഡൽഹിയിലെ പിബിസിആറിൽ നിന്നുള്ള ഡാറ്റയും 2005 ജനുവരി 1 മുതൽ 2017 ഡിസംബർ 31 വരെ മദ്രാസ് മെട്രോപൊളിറ്റൻ ട്യൂമർ രജിസ്ട്രിയിൽ നിന്നുള്ള ഡാറ്റയും ഉപയോഗിച്ചു.

മൂന്ന് ആശുപത്രികളിൽ നിന്നുമുള്ള രോ​ഗവിവരങ്ങളുടെയും പിബിസിആറുകളിലെയും സ്ത്രീപുരുഷഅനുപാതം കണക്കാക്കിയാണ് നിഗമനത്തിലെത്തിയത്. ചികിത്സയ്ക്കെത്തുന്ന ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണത്തെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. കാൻസർ ചികിത്സയിൽ ചെലവേറിയ സ്റ്റെം സെൽ ട്രാൻസ്പ്ലാന്‍റുകൾക്ക് വിധേയരാകുന്നവരുടെ ആൺ-പെൺ അനുപാതവും വെവ്വേറെ കണക്കാക്കിയിരുന്നു.