മിഠായികൾ മോഷ്ടിച്ചു; അമ്മയ്ക്കെതിരെ പരാതിയുമായി 3 വയസുകാരന്‍

ബുർഹാൻപൂര്‍: മൂന്ന് വയസുകാരൻ അമ്മയ്ക്കെതിരെ പോലീസിൽ പരാതി നൽകുന്ന വീഡിയോ വൈറലാകുന്നു. തന്‍റെ മിഠായികൾ അമ്മ മോഷ്ടിച്ചുവെന്നതാണ് മൂന്ന് വയസുകാരന്റെ പരാതി.

അമ്മയോട് ദേഷ്യപ്പെട്ട ഒരു 3 വയസുകാരൻ തന്‍റെ മിഠായി മോഷ്ടിച്ചതിന് അമ്മയ്ക്കെതിരെ പരാതി രജിസ്റ്റർ ചെയ്യാൻ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ പിതാവിനെ നിർബന്ധിച്ചു. കാജൽ പുരട്ടുന്നതിനിടെ കുട്ടിയുടെ അമ്മ അവന്‍റെ കവിളിൽ പിടിച്ചുവെന്നും അത് ഇഷ്ട്ടപെടാത്തതുകൊണ്ടാണ് അവൻ പരാതി നൽകാൻ വന്നതെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.

വൈറലായ വീഡിയോയിൽ, ഒരു വനിതാ പൊലീസ് ഓഫീസർ കുട്ടിയുടെ പരാതി രജിസ്റ്റർ ചെയ്യുന്നതായി നടിക്കുന്നുണ്ട്. പരാതി എഴുതിയതാണെന്ന് കാണിച്ച് പോലീസുകാരി കുട്ടിയുടെ ഒപ്പ് ഒരു പേപ്പറിൽ വാങ്ങുന്നതും വീഡിയോയിൽ കാണാം. മധ്യപ്രദേശിലെ ബുർഹാൻപൂരിലെ പോലീസ് എയ്ഡ് പോസ്റ്റിലാണ് സംഭവം നടന്നതെന്നാണ് വിവരം. 3 വയസ്സുകാരന്‍റെ പരാതി സ്വീകരിക്കുന്നതായി നടിച്ച വനിതാ ഓഫീസർ ഉൾപ്പെടെ അവിടെ ഉണ്ടായിരുന്നവരെല്ലാം അവന്‍റെ കുസൃതി കണ്ട് രസിച്ചു.