കഞ്ചാവ് കുരു ഇട്ട് ജ്യൂസ്: ലഹരിപദാര്‍ഥമുണ്ടെങ്കില്‍ നടപടി എടുക്കുമെന്ന് എക്‌സൈസ്
കോഴിക്കോട്: ബീച്ചില്‍ ഗുജറാത്തി തെരുവിലെ കടയിലെ ജ്യൂസിൽ ലഹരിവസ്തുക്കൾ ഉണ്ടെങ്കിൽ മാത്രമേ നടപടിയെടുക്കൂവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ടെക്റ്റ ഹൈഡ്രോ-കന്നബിനോയിഡ് (ടിഎച്ച്സി) എന്ന പദാർത്ഥത്തിന്‍റെ സാന്നിധ്യമാണ് കഞ്ചാവിന് ലഹരിയുണ്ടാകുന്നത്. കടയിൽ നിന്ന് ശേഖരിച്ച ജ്യൂസ് ഉൾപ്പെടെയുള്ള സാമഗ്രികൾ കോഴിക്കോട് റീജിയണൽ കെമിക്കൽ ലബോറട്ടറിക്ക് കൈമാറിയതായി എക്സൈസ് അസിസ്റ്റന്‍റ് കമ്മിഷണർ എം. സുഗുണൻ പറഞ്ഞു.
ഫലം പുറത്തുവന്ന് ടിഎച്ച്സിയുടെ സാന്നിധ്യം കണ്ടെത്തിയാൽ മാത്രമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കഞ്ചാവ് ചെടിയുടെ വിത്തുകളിൽ നിന്നുള്ള എണ്ണ മിൽക്ക് ഷേക്കിൽ കലർത്തിയതായി എൻഫോഴ്സ്മെന്‍റ് നാർക്കോട്ടിക് സ്ക്വാഡ് പരിശോധനയിൽ കണ്ടെത്തിയിരുന്നു.