സുപ്രീംകോടതി വിധിപ്രകാരം തുടരാനാകില്ല; വി.സിമാരെ പുറത്താക്കാനുള്ള നീക്കവുമായി ഗവർണർ മുന്നോട്ട്

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വി.സിയുടെ നിയമനം റദ്ദാക്കിയ സുപ്രീം കോടതി ഉത്തരവ് പ്രകാരം യു.ജി.സി ചട്ടങ്ങൾ പാലിക്കാതെ നിയമിക്കപ്പെട്ട വി.സിമാരെ പുറത്താക്കാനുള്ള നീക്കവുമായി ഗവർണർ. എട്ട് വി.സിമാരുടെ രാജി ആവശ്യപ്പെട്ടുള്ള നോട്ടീസ് നടപടിക്രമങ്ങൾ പാലിച്ചല്ലെന്ന് ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ഡിജിറ്റൽ, ശ്രീനാരായണ സർവകലാശാലാ വി.സിമാർക്ക് ഗവർണർ ഇന്ന് നോട്ടീസ് അയച്ചു. വി.സിമാരെ നീക്കം ചെയ്യാനുള്ള ഗവർണറുടെ അധികാരത്തെ ചോദ്യം ചെയ്യുന്നില്ലെന്നും സുപ്രീം കോടതി വിധി എല്ലാവർക്കും ബാധകമാണെന്നും എന്നാൽ നടപടിക്രമങ്ങൾ പാലിക്കണമെന്നും ഹൈക്കോടതി ഇന്നലെ പറഞ്ഞിരുന്നു.

വി.സിമാരെ പുറത്താക്കാനുള്ള ചാൻസലറുടെ നീക്കത്തിനെതിരെ വിവിധ ഇടത് സംഘടനകൾ കാലടി സംസ്കൃത സർവകലാശാലയിൽ പ്രതിഷേധിച്ചു. എസ്.എഫ്.ഐ, എംപ്ലോയീസ് യൂണിയന്‍ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് സമരം. പ്രവർത്തകർ കാമ്പസിനുള്ളിൽ മാർച്ച് നടത്തി. ഗേറ്റിന് മുന്നിൽ ആരിഫ് മുഹമ്മദ് ഖാന്‍റെ കോലം കത്തിച്ചു. ചാൻസലർക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും അത് സർവകലാശാലയിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്നും പ്രവർത്തകർ പറഞ്ഞു. വി.സിമാരല്ല, ഗവർണറാണ് രാജിവെക്കേണ്ടതെന്നും പ്രവർത്തകർ പറഞ്ഞു.