ഉക്രൈനിലെ സ്റ്റാര്‍ലിങ്ക് സേവനത്തിനുള്ള ചിലവ് അനിശ്ചിതകാലത്തേക്ക് വഹിക്കാനാവില്ല: ഇലോണ്‍ മസ്‌ക്

വാഷിങ്ടണ്‍: റഷ്യൻ ആക്രമണം നേരിടുന്ന ഉക്രൈനിലേക്ക് സ്റ്റാർലിങ്ക് കണക്റ്റിവിറ്റി എത്തിക്കുന്നതിനുള്ള ചെലവ് അനിശ്ചിതകാലത്തേക്ക് വഹിക്കാൻ തങ്ങൾക്ക് കഴിയില്ലെന്ന് സ്പേസ് എക്സ് മേധാവി എലോൺ മസ്ക്. സ്റ്റാർലിങ്കിനായി സംഭാവന നൽകാൻ സ്പേസ് എക്സ് പെന്‍റഗണിനോട് ആവശ്യപ്പെട്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് മസ്കിന്‍റെ പ്രതികരണം.

ഉക്രൈനിലെ സ്റ്റാർലിങ്കിന്‍റെ ചെലവുകൾക്കായി പണം നൽകുന്നതിൽ ചർച്ചകൾ നടക്കുന്നുണ്ടോ എന്ന് യുഎസ് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, ഉപഗ്രഹം വഴിയുള്ള ആശയവിനിമയത്തിന്‍റെ സാധ്യതയെക്കുറിച്ച് സ്പേസ് എക്സ് ഉൾപ്പെടെയുള്ള കമ്പനികളുമായി ചർച്ച നടത്തിവരികയാണെന്ന് പെന്‍റഗൺ അറിയിച്ചു.

ഉക്രൈനിൽ സാറ്റലൈറ്റ് സേവനം നിലനിർത്താൻ പ്രതിമാസം 20 മില്യൺ ഡോളർ ചെലവാകുന്നുണ്ടെന്ന് മസ്ക് പറയുന്നു. താൻ ഇതിനകം 80 മില്യൺ ഡോളർ ചെലവഴിച്ചതായും അദ്ദേഹം അടുത്തിടെ പറഞ്ഞിരുന്നു.