ഡ്രൈവർ മദ്യപിച്ചതുകൊണ്ട് വാഹനാപകടത്തിൽ ഇന്‍ഷുറന്‍സ് നിഷേധിക്കാനാകില്ല: ഹൈക്കോടതി
കൊച്ചി: ഡ്രൈവർ അമിതമായി മദ്യപിച്ചിരുന്നു എന്ന കാരണത്താൽ അപകടത്തിൽ മരിച്ചയാളുടെ പേരിലുള്ള ഇന്‍ഷുറന്‍സ് തുക നിഷേധിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി വിധിച്ചു. അമിതമായ മദ്യപാനത്തിന് ശേഷമുള്ള അശ്രദ്ധമായ ഡ്രൈവിംഗ് അപകടത്തിലേക്ക് നയിച്ചാൽ മാത്രമേ ആനുകൂല്യം നിഷേധിക്കാൻ കഴിയൂ എന്നും കോടതി വ്യക്തമാക്കി.
അപകടത്തിൽ മരിച്ച തൃശൂർ സ്വദേശിയായ സർക്കാർ ജീവനക്കാരന്‍റെ ആശ്രിതർക്ക് ഗ്രൂപ്പ് ഇൻഷുറൻസ് പോളിസി പ്രകാരം ഏഴ് ലക്ഷം രൂപ നൽകണമെന്ന ഇൻഷുറൻസ് ഓംബുഡ്സ്മാന്‍റെ ഉത്തരവിനെതിരെ നാഷണൽ ഇൻഷുറൻസ് കമ്പനി നൽകിയ അപ്പീൽ തള്ളിക്കൊണ്ട് ജസ്റ്റിസ് ഷാജി പി ചാലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2009 മെയ് 19ന് ജലസേചന വകുപ്പിലെ ഒരു ജീവനക്കാരൻ ദേശീയ പാതയിൽ ബൈക്കിൽ യാത്ര ചെയ്യവേ എതിർ വശത്ത് നിന്ന് മറ്റൊരു വാഹനത്തെ ഓവർ ടേക്ക് ചെയ്യുകയായിരുന്ന ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. അശ്രദ്ധയോടെ വാഹനമോടിച്ചതിന് ബസ് ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. വില്ലേജ് ഓഫീസർ തയ്യാറാക്കിയ ലൊക്കേഷൻ രേഖാചിത്രത്തിൽ ബൈക്ക് യാത്രികൻ തന്‍റെ വശത്താണ് വാഹനം ഓടിച്ചിരുന്നതെന്നും കാണിച്ചിരുന്നു.