തരൂരിന്റെ പരാതിയിൽ എന്ത് നടപടിയെടുത്തെന്ന് വെളിപ്പെടുത്താനാവില്ലെന്ന് മധുസൂദൻ മിസ്ത്രി 

ഡൽഹി : കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ശശി തരൂർ നൽകിയ ചട്ടലംഘന പരാതിയിൽ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വെളിപ്പെടുത്താൻ കഴിയില്ലെന്ന് മധുസൂദനൻ മിസ്ത്രി. ഇതുമായി ബന്ധപ്പെട്ട് മാധ്യമ റിപ്പോർട്ടുകൾക്ക് പിന്നാലെ പോകാൻ കഴിയില്ലെന്നും മിസ്ത്രി പറഞ്ഞു. വോട്ടർമാരുടെ വിലാസവും ഫോൺ നമ്പറും ഏത് സമയത്തും ലഭ്യമാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ പോലും ഈ വിവരം നൽകുന്നില്ല എന്നതാണ് യാഥാർത്ഥ്യം. അധ്യക്ഷ തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമായിരിക്കുമെന്നും രഹസ്യ ബാലറ്റിലൂടെ വോട്ടെടുപ്പ് നടത്തുമെന്നും അദ്ദേഹം ആവർത്തിച്ചു.

അതേസമയം, സ്ഥാനാർത്ഥി നിർണയത്തിലെ ഉൾപ്പോര് ഇനിയും അവസാനിച്ചിട്ടില്ല. മല്ലികാർജുൻ ഖാർഗെയ്ക്ക് പിന്നിൽ പാർട്ടിയുടെ സമ്പൂർണ സംവിധാനങ്ങൾ അണിനിരന്നിട്ടും ഔദ്യോഗിക സ്ഥാനാർത്ഥിയില്ലെന്ന ഗാന്ധി കുടുംബത്തിന്‍റെ നിലപാടിനെതിരെ തരൂർ ക്യാമ്പിൽ മുറുമുറുപ്പുണ്ട്. അശോക് ഗെഹ്ലോട്ടിൻറെ പിന്മാറ്റത്തിന് പിന്നാലെ സോണിയാ ഗാന്ധി തന്നെ ഇടപെട്ട് ഖാർഗെയെ അധ്യക്ഷ സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തിരുന്നു.

ഖാർഗെ സ്ഥാനാർത്ഥിയാണെന്ന സന്ദേശം വിശ്വസ്തർ വഴി താഴേത്തട്ടിൽ നല്‍കിയെന്നും തരൂർ ക്യാമ്പ് വിമർശിച്ചു. എന്നാൽ ഇത്തരം ആരോപണങ്ങൾ ആസൂത്രിതമാണെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ആരെയും സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടില്ലെന്നും നിഷ്പക്ഷമായി തുടരുമെന്നും ഗാന്ധി കുടുംബം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും ഖാർഗെ പറഞ്ഞു.