കാപിറ്റോൾ കലാപം; ട്രംപിനെതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്താൻ നിർദേശിച്ച് അന്വേഷണ സമിതി

വാഷിംങ്ടണ്‍: കാപ്പിറ്റോൾ കലാപവുമായി ബന്ധപ്പെട്ട് മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെതിരെ മൂന്ന് ക്രിമിനൽ കുറ്റങ്ങൾ ചുമത്താന്‍ നിര്‍ദേശിച്ച് യുഎസ് കോൺഗ്രസ് നിയോഗിച്ച അന്വേഷണ സമിതി. കലാപം, ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ, രാജ്യത്തെ അപകീർത്തിപ്പെടുത്താൻ ശ്രമം എന്നിങ്ങനെ മൂന്ന് കുറ്റങ്ങൾ ചുമത്താനാണ് അന്വേഷണ സമിതി ശുപാർശ ചെയ്തിരിക്കുന്നത്.

അന്തിമ റിപ്പോർട്ടിന് മുന്നോടിയായുള്ള അന്തിമ യോഗം തിങ്കളാഴ്ചയാണ് ചേർന്നത്. സമിതി അടുത്ത ബുധനാഴ്ചയോടെ അന്തിമ റിപ്പോർട്ട് സമർപ്പിക്കാനാണ് സാധ്യത. 

കലാപത്തിന് പ്രേരിപ്പിച്ചതിനും ഔദ്യോഗിക നടപടി തടസ്സപ്പെടുത്തിയതിനും യുഎസ് സർക്കാരിനെ കബളിപ്പിക്കാൻ ഗൂഢാലോചന നടത്തിയതിനും തെറ്റായ പ്രസ്താവനകൾ നടത്തിയതിനും ട്രംപിനെതിരെ കുറ്റം ചുമത്താന്‍ അന്വേഷണം നടത്തിയ ഹൗസ് പാനൽ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിനോട് ഏകകണ്ഠമായി ആവശ്യപ്പെട്ടതായാണ് വിവരം.