ക്യാപ്റ്റന്‍ സഞ്ജു ഇന്നിറങ്ങും; ന്യൂസിലൻഡ് എ ടീമിനെതിരായ ആദ്യ ഏകദിനം ഇന്ന്

ചെന്നൈ: ന്യൂസിലാൻഡ് എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുക. മലയാളി താരം സഞ്ജു സാംസണാണ് ഇന്ത്യ എ ടീമിനെ നയിക്കുക. പൃഥ്വി ഷാ, ഋതുരാജ് ഗെയ്ക്വാദ്, രാഹുൽ ത്രിപാഠി, രജത് പാട്ടീദാർ, തിലക് വർമ, ഷാർദ്ദുൽ ഠാക്കൂർ, ഋഷി ധവാൻ എന്നിവരാണ് ഇന്ത്യയുടെ പ്രതീക്ഷ. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് മത്സരം.

രണ്ടും മൂന്നും ഏകദിനങ്ങൾ മെയ് 25, 27 തീയതികളിലാണ് നടക്കുക. ചെപ്പോക്ക് സ്റ്റേഡിയമാണ് എല്ലാ മത്സരങ്ങൾക്കും വേദിയാകുന്നത്.

അപ്രതീക്ഷിതമായാണ് സഞ്ജു സാംസണെ ഇന്ത്യ എ ടീമിന്‍റെ ക്യാപ്റ്റനായി ബിസിസിഐ നിയമിച്ചത്. നേരത്തെ ടി20 ലോകകപ്പ് ടീമിൽ നിന്ന് സഞ്ജുവിനെ ഒഴിവാക്കിയതിനെതിരെ സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ഏഷ്യാ കപ്പിൽ മോശം ഫോം തുടർന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയെങ്കിലും സഞ്ജുവിനെ ഒഴിവാക്കുകയായിരുന്നു. റിഷഭിന്‍റെ ടി20 ഫോം വളരെക്കാലമായി ചോദ്യചിഹ്നമാണ്. സിംബാബ്‌വെക്കെതിരെ മികച്ച രീതിയില്‍ ബാറ്റ് ചെയ്ത സഞ്ജു ഫോമിലാണെന്ന് തെളിയിച്ചെങ്കിലും ഏഷ്യാ കപ്പ് ടീമിൽ ഇടംപിടിച്ചില്ല. സഞ്ജുവിനെ തുടര്‍ച്ചയായി തഴയുന്നു എന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് താരത്തെ എ ടീമിന്‍റെ ക്യാപ്റ്റനാക്കി ബിസിസിഐ അമ്പരപ്പിച്ചത്.