വിഡിയോ എടുക്കാൻ പാമ്പിനെ പിടികൂടി കഴുത്തിൽ ചുറ്റി പ്രദർശനം; പാമ്പ് പിടുത്തക്കാരന് ദാരുണാന്ത്യം

ല‌ക്‌നൗ: ഉത്തർപ്രദേശിലെ ഷാജഹാൻപുരിൽ അയൽവാസിയുടെ വീട്ടിൽ നിന്ന് പിടികൂടിയ പാമ്പിനെ മറ്റുള്ളവരുടെ മുന്നിൽ പ്രദർശിപ്പിക്കുന്നതിനിടെ പാമ്പ് പിടുത്തക്കാരന് ദാരുണാന്ത്യം. യുപിയിലെ മറുവാ ജാല ഗ്രാമത്തിലെ മുൻ ഗ്രാമത്തലവൻ കൂടിയായ ദേവേന്ദ്ര മിശ്രയാണ് മരിച്ചത്. കടിയേറ്റു രണ്ടുമണിക്കൂറിനകം അദ്ദേഹം മരിച്ചു. കുറച്ചു സമയത്തിനു ശേഷം മിശ്രയുടെ വീട്ടിൽ ഒരു പാത്രത്തിൽ സൂക്ഷിച്ചിരുന്ന പാമ്പിനെയും ചത്തനിലയിൽ കണ്ടെത്തിയതായാണ് റിപ്പോർട്ട്.

അയൽവാസിയായ രവീന്ദ്ര കുമാറിന്റെ വീട്ടിൽ നിന്ന് ഉഗ്രവിഷമുള്ള പാമ്പിനെ കഴിഞ്ഞ ദിവസമാണ് ദേവേന്ദ്ര മിശ്ര പിടികൂടിയത്. പിടിച്ച പാമ്പിനെ കഴുത്തിൽ ചുറ്റി വിഡിയോ ചിത്രീകരിക്കുകയും പ്രദേശവാസികൾക്കു മുൻപിൽ പ്രദർശിപ്പിക്കുകയും ചെയ്യുന്നതിനിടെയാണ് മിശ്രയ്ക്ക് കടിയേറ്റത്.

പാമ്പ് കടിയേറ്റ മിശ്രയെ ആശുപത്രിയിൽ എത്തിക്കാൻ ചിലർ ശ്രമിച്ചുവെങ്കിലും ദേവേന്ദ്ര മിശ്ര എതിർക്കുകയായിരുന്നു. മുറിവിൽ ഏതാനും പച്ചമരുന്നുകൾ തേച്ചുപിടിപ്പിക്കുകയും ചെയ്‌തു. ഇരൂനൂറിലേറെ പാമ്പുകളെ ദേവേന്ദ്ര മിശ്ര പിടികൂടിയിട്ടുണ്ടെന്നും സമീപപ്രദേശങ്ങളിൽ പാമ്പിനെ കണ്ടെത്തിയാൽ നാട്ടുകാർ തേടിയെത്തുന്നത് ഇയാളെ ആണെന്നും അയൽവാസികൾ പറയുന്നു.