സജി ചെറിയാനെതിരായ കേസ്; വിശദാംശം തേടാൻ ഗവര്‍ണര്‍ക്ക് നിയമോപദേശം

തിരുവനന്തപുരം: സജി ചെറിയാനെതിരായ കേസിൽ വിശദാംശങ്ങൾ തേടാൻ ഗവർണർക്ക് നിയമോപദേശം. കോടതി കുറ്റവിമുക്തനാക്കിയെന്ന് ബോധ്യപ്പെടാതെ സത്യപ്രതിജ്ഞ നടത്തരുത്. ഗവർണർ ഭരണഘടനാ തത്വങ്ങൾ സംരക്ഷിക്കുമെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടണം. മുഖ്യമന്ത്രിയുടെ ആവശ്യം മാത്രം കണക്കിലെടുത്ത് സത്യപ്രതിജ്ഞ നടത്തരുത്. ഗവർണർ ഇന്ന് തന്നെ മുഖ്യമന്ത്രിയിൽ നിന്ന് വിശദീകരണം തേടാനാണ് സാധ്യത. വിശദീകരണം തേടണമെന്ന നിയമോപദേശമാണ് ലീഗൽ അഡ്വൈസർ നൽകിയത്. ഗവർണറുടെ നിയമോപദേഷ്ടാവ് ഗോപകുമാരൻ നായരുടേതാണ് നിയമോപദേശം.

സജി ചെറിയാനെ വീണ്ടും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന മുഖ്യമന്ത്രിയുടെ ശുപാർശ തള്ളിക്കളയാനാവില്ലെന്ന് നേരത്തെ ഗവർണർക്ക് നിയമോപദേശം ലഭിച്ചിരുന്നു. ആരെ മന്ത്രിയാക്കണമെന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയുടെ വിവേചനാധികാരമാണ്. ഇതിനായി ശുപാർശ ചെയ്താൽ ഗവർണർക്ക് അത് അവഗണിക്കാൻ കഴിയില്ലെന്നും അത് ഗവർണറുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടി. ഇതോടെ കൂടുതൽ വ്യക്തതയ്ക്കായി വീണ്ടും നിയമോപദേശം തേടിയിരുന്നു.

സജി ചെറിയാന്‍റെ മന്ത്രിസഭാ പുനഃപ്രവേശനം സംബന്ധിച്ച് വിശദമായി പരിശോധിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഭരണഘടനയുടെ അന്തസ്സിനെ അപമാനിച്ചുവെന്നാണ് സജി ചെറിയാനെതിരെയുള്ള കേസ്. ഇതൊരു സാധാരണ കേസല്ല. മുഖ്യമന്ത്രിക്ക് പോലും അത് അംഗീകരിക്കാൻ കഴിയാത്തത് കൊണ്ടല്ലേ രാജിവയ്ക്കേണ്ടി വന്നത്? നിയമോപദേശം തേടുന്നത് സ്വാഭാവികമാണെന്ന് ഗവർണർ പറഞ്ഞിരുന്നു.