ജയിലിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് നേതാവിന് സിം കാർഡ് എത്തിച്ച് നൽകിയതിന് ഭാര്യക്കെതിരെ കേസ്

തൃശൂർ: ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് നേതാവിന് സിം കാർഡ് രഹസ്യമായി കൈമാറിയ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു.

പോപ്പുലർ ഫ്രണ്ടിന്‍റെ കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്ന ഇടുക്കി പെരുവന്താനം സ്വദേശി സി.എച്ച് സൈനുദിന്‍റെ ഭാര്യ നദീറയ്ക്കും മകനുമെതിരെ ജയിൽ സൂപ്രണ്ടിന്‍റെ പരാതിയിൽ വിയ്യൂർ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. ജയിലിലേക്ക് നിരോധിത വസ്തുക്കൾ കടത്തിയതിന് ജയിൽ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. സിമ്മിലെ വിലാസം പരിശോധിച്ച് ഉറപ്പാക്കിയ ശേഷം തുടർനടപടി സ്വീകരിക്കും.

ഒക്ടോബർ 31നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് ഇടുക്കി പെരുവന്താനത്ത് നിന്ന് അറസ്റ്റിലായ സി.എച്ച് സൈനുദ്ദീന് കുടുംബാംഗങ്ങൾ രഹസ്യമായി സിം കാർഡ് നൽകിയതായി സി.സി.ടി.വി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. പുസ്തകം പരിശോധിച്ചപ്പോൾ സിം കാർഡ് പിടിച്ചെടുത്തു. ആരുടെ വിലാസമാണ് എന്ന് പരിശോധിക്കാൻ സിം കാർഡിലെ വിലാസം സൈബർ സെല്ലിന് കൈമാറി.