എംഎൽഎയെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസ്; സാബു എം ജേക്കബ് ഹൈക്കോടതിയിൽ
കൊച്ചി: കുന്നത്തുനാട് എം.എൽ.എ പി.വി ശ്രീനിജനെ ജാതീയമായി അധിക്ഷേപിച്ചെന്ന പരാതിയിൽ എഫ്ഐആർ റദ്ദാക്കണമെന്ന ആവശ്യവുമായി ട്വന്‍റി 20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് ഹൈക്കോടതിയെ സമീപിച്ചു. പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസ് നിയമപരമായി നിലനിൽക്കില്ലെന്നും സാബു എം ജേക്കബ് ചൂണ്ടിക്കാട്ടുന്നു.
ചിങ്ങം 1ന് ഐക്കരനാട് കൃഷിഭവനിൽ നടന്ന പരിപാടിയിൽ പങ്കെടുത്തിരുന്നില്ല. ശ്രീനിജനെ ജാതീയമായി അധിക്ഷേപിച്ചിട്ടില്ല. വർഷങ്ങളായി ഇദ്ദേഹവുമായി രാഷ്ട്രീയ അഭിപ്രായവ്യത്യാസമുണ്ട്. ഈ വൈരാഗ്യമാണ് ഹർജിക്ക് പിന്നിലെന്നും സാബു എം ജേക്കബ് ഹർജിയിൽ പറയുന്നു.
ശ്രീനിജന്‍റെ പരാതിയിൽ ഐക്കരനാട് പഞ്ചായത്ത് അധ്യക്ഷ ഉൾപ്പെടെ ആറ് പേർക്കെതിരെയാണ് പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത്. ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.