എകെജി സെന്ററിന് നേരെ പടക്കമെറിഞ്ഞ കേസ്; യൂത്ത് കോൺഗ്രസ് പ്രവർത്തകന്‍ പിടിയിൽ
തിരുവനന്തപുരം: എ.കെ.ജി സെന്ററിന് നേരെ പടക്കം എറിഞ്ഞ പ്രതി പിടിയിൽ. മൺവിള സ്വദേശി ജിതിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. സ്ഫോടക വസ്തു ജിതിനാണ് എറിഞ്ഞതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ് ജിതിൻ.
ജൂലൈ 30ന് അർദ്ധരാത്രിയിലാണ് എകെജി സെന്ററിന് നേരെ പടക്കമേറുണ്ടായത്. ഭരണകക്ഷിയുടെ സംസ്ഥാന കമ്മിറ്റി ആസ്ഥാനത്തിന് നേരെയുണ്ടായ ആക്രമണം വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. സെന്‍ററിലുണ്ടായിരുന്ന പി.കെ.ശ്രീമതിയുടെ വിവരണത്തോടെയാണ് സംഭവം കൂടുതൽ ചർച്ചയായത്. ആക്രമണം നടന്ന് മിനിറ്റുകൾക്കകം എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ പ്രതി ആരാണെന്ന് വിധിയെഴുതി. സംസ്ഥാനത്തുടനീളം വൻ പ്രതിഷേധത്തിന് ഇടയാക്കിയ സംഭവത്തിൽ പൊലീസ് ദ്രുതഗതിയിലുള്ള നടപടി സ്വീകരിച്ചു. രാത്രി തന്നെ ഫോറൻസിക് സംഘം എത്തി പരിശോധന ആരംഭിച്ചു.
നഗരത്തിലെ ഏറ്റവും മിടുക്കരായ പോലീസുകാരെ ഉൾപ്പെടുത്തിയാണ് അന്വേഷണ സംഘം രൂപീകരിച്ചത്. സ്കൂട്ടറിലെത്തിയ ഒരാൾ വന്ന് പടക്കം എറിയുന്ന എ.കെ.ജി സെന്‍ററിലെ സി.സി.ടി.വി ദൃശ്യങ്ങൾ മാത്രമാണ് മുന്നിലുണ്ടായിരുന്നത്. സംഭവം നടന്ന് മിനിറ്റുകൾക്കുള്ളിൽ പുറത്തുവന്ന ഈ സി.സി.ടി.വി ദൃശ്യങ്ങൾക്കപ്പുറം ഒരു മാസത്തിലേറെയായിട്ടും ഒന്നും കണ്ടെത്താനായില്ല. നൂറിലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. പ്രതി സഞ്ചരിച്ചതെന്ന് സംശയിക്കുന്ന മോഡൽ ഡിയോ സ്കൂട്ടറിന്‍റെ എല്ലാ ഉടമകളെയും ചോദ്യം ചെയ്തിരുന്നു.