ജാതി അധിക്ഷേപക്കേസ്; സാബു എം ജേക്കബിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു
കൊച്ചി: ജാതി അധിക്ഷേപ കേസിൽ സാബു എം ജേക്കബ് ഉൾപ്പെടെയുള്ളവരുടെ അറസ്റ്റ് കേരള ഹൈക്കോടതി തടഞ്ഞു. അറസ്റ്റ് അനിവാര്യമല്ലെന്ന് കോടതി പറഞ്ഞു. പൊലീസ് ആവശ്യപ്പെട്ടാൽ പ്രതികൾ ചോദ്യം ചെയ്യലിന് ഹാജരാകണം. നോട്ടീസ് നൽകിയ ശേഷം മാത്രമേ ഹാജരാകാൻ ആവശ്യപ്പെടാവൂ എന്നും പ്രതികളോട് പൊലീസ് ഹാരസ്മെന്റ് പാടില്ലെന്നും കോടതി ഉത്തരവിട്ടു. എഫ്.ഐ.ആർ റദ്ദാക്കണമെന്ന സാബു എം ജേക്കബിന്‍റെ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ശ്രീനിജിൻ എം.എൽ.എയ്ക്ക് നോട്ടീസ് അയയ്ക്കും. അന്വേഷണം തുടരാമെന്നും കോടതി ഉത്തരവിൽ പറയുന്നു.
അതേസമയം സാബു എം ജേക്കബിനെ അറസ്റ്റ് ചെയ്യരുതെന്ന ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിനെ സർക്കാർ ഹൈക്കോടതിയിൽ എതിർത്തു. അറസ്റ്റ് തടയരുതെന്ന് ഡി.ജി.പി ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യാൻ എന്തെങ്കിലും കാരണമുണ്ടോയെന്ന് കോടതി ആരാഞ്ഞു. ഈ ഘട്ടത്തിൽ അത് പറയാനാകില്ലെന്നായിരുന്നു സർക്കാരിന്റെ മറുപടി.
ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിക്കുമെന്ന് പറഞ്ഞ കോടതി എന്തിനാണ് അറസ്റ്റ് എന്നും ചോദിച്ചു. ശ്രീനിജിനേക്കാൾ ശത്രുതയുള്ള പി.ടി തോമസിനെയും ബെന്നി ബെഹനനെയും സാബു ബഹിഷ്കരിച്ചിട്ടില്ലെന്ന് സർക്കാർ പറഞ്ഞു. സംഭവം നടന്ന് 3 മാസത്തിന് ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും കോടതി നിരീക്ഷിച്ചു.