എംഎൽഎക്കെതിരായ ജാതീയ അധിക്ഷേപം; ഹർജി പരിഗണിക്കുന്നതിൽ നിന്ന് പിന്‍മാറി ഹൈക്കോടതി ജഡ്ജി
കൊച്ചി: പി.വി. ശ്രീനിജൻ എം.എൽ.എയ്ക്കെതിരായ ജാതീയ അധിക്ഷേപ കേസ് പരിഗണിക്കുന്ന ഹൈക്കോടതി ജഡ്ജി പിന്മാറി. സാബു എം.ജേക്കബ് നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്നാണ് ജസ്റ്റിസ് എ ബദറുദ്ദീൻ പിൻമാറിയത്. ഇന്ന് കേസ് പരിഗണിച്ചപ്പോൾ പിൻമാറുകയാണെന്ന് ജഡ്ജി പറഞ്ഞു. ഹർജി ഇന്ന് തന്നെ മറ്റൊരു ബഞ്ച് പരിഗണിക്കും.
ട്വന്‍റി 20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബിനെതിരായ പരാതിയിൽ കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തി. പുത്തൻകുരിശ് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി രേഖപ്പെടുത്തിയത്. എം.എൽ.എ കൂടുതൽ സാക്ഷികളെ നിർദ്ദേശിച്ചതായും ഇവരിൽ നിന്ന് മൊഴിയെടുത്ത ശേഷം പ്രതികളെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
ഐക്കരനാട് കൃഷിഭവൻ സംഘടിപ്പിച്ച കർഷകദിനം ഉദ്ഘാടനം ചെയ്യാനെത്തിയ എം.എൽ.എയെ ജാതി പറഞ്ഞ് അപമാനിച്ചെന്നാണ് പരാതി. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്‍റ് ഡീന ദീപക്കാണ് കേസിലെ രണ്ടാം പ്രതി. പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെ ആകെ ആറ് പ്രതികളാണ് കേസിലുള്ളത്. രാഷ്ട്രീയ പാർട്ടികളോടുള്ള പാർട്ടിയുടെ നിലപാടാണ് ബഹിഷ്കരണത്തിന് കാരണമെന്നാണ് സാബു എം ജേക്കബിന്‍റെ പ്രതികരണം.