കാറ്ററിംഗ് വരുമാനം കൂട്ടിവച്ചു; വിമാനയാത്രാ സ്വപ്നം സഫലമാക്കി കുടുംബശ്രീ അംഗങ്ങൾ

കൊല്ലം : ആത്മാർത്ഥമായി നാമൊരു കാര്യമാഗ്രഹിച്ചാൽ ഈ പ്രപഞ്ചം മുഴുവൻ അത് നേടിതരാൻ നമ്മോടൊപ്പമുണ്ടാകുമെന്ന് ആൽക്കിമിസ്റ്റിലൂടെ പൗലോ കൊയ്ലോ പറഞ്ഞ വാക്കുകൾ ലോകത്തിന് തന്നെ പ്രചോദനമാണ്. ഈ വാക്കുകൾ ശരിവക്കും വിധം കഠിനാധ്വാനത്തിലൂടെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചതിന്റെ സന്തോഷത്തിലാണ് ഒരു കൂട്ടം കുടുംബശ്രീ സഹോദരിമാർ.

കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിലെ മുക്കുമ്പുഴ വാർഡ് വെള്ളനാതുരുത്തിലെ ശ്രീമുരുക കുടുംബശ്രീ അംഗങ്ങളാണ് ദീർഘനാളായുള്ള വിമാനയാത്രയെന്ന ആഗ്രഹം ഒത്തുചേർന്ന് സാക്ഷാത്കരിച്ചത്.ശ്രീമുരുക കാറ്ററിംഗിലൂടെയും,മറ്റ് ചെറുകിട വ്യവസായങ്ങളിലൂടെയും സ്വരുകൂട്ടിയ തുക ഉപയോഗിച്ചായിരുന്നു യാത്ര.

കൊല്ലത്ത് നിന്നും എറണാകുളത്തെത്തിയ ശേഷം മെട്രോ യാത്ര നടത്തി, നെടുമ്പാശ്ശേരിയിൽ നിന്ന് തിരുവനന്തപുരത്തേക്കാണ് അവർ പറന്നത്. തിരുവനന്തപുരം ഷോപ്പിംഗ് മാൾ സന്ദർശിച്ച ശേഷം അവർ മടങ്ങി. 78കാരിയായ സതീരത്നം എന്ന അമ്മയുൾപ്പെടെ 9 പേരടങ്ങുന്നതായിരുന്നു സംഘം.