ബാലപീഡനത്തിനെതിരെ കത്തോലിക്ക സഭ പോരാടുന്നുവെന്ന് പോപ്പ് ഫ്രാൻസിസ്
വത്തിക്കാൻ: പുരോഹിത ബാലപീഡനങ്ങൾക്കെതിരെ പോരാടാൻ കത്തോലിക്കാ സഭ പരമാവധി പ്രവർത്തിക്കുന്നുണ്ടെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ പോരായ്മകളുണ്ടെന്നും ഫ്രാൻസിസ് മാർപാപ്പ വ്യക്തമാക്കി. ബഹ്റൈൻ സന്ദർശനം കഴിഞ്ഞ് മടങ്ങുന്ന വഴി മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മാർപാപ്പ. സഭയ്ക്കുള്ളിലെ ബാലപീഡനം വളരെ ദാരുണമായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.
“ഞങ്ങൾ കഴിയുന്നത്ര നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തതയില്ലാത്ത വ്യക്തികൾ സഭയ്ക്കകത്തുണ്ട്. ഇതിനെതിരായ പ്രവർത്തനം തുടർച്ചയായ പ്രക്രിയയാണ്, ഞങ്ങൾ ധൈര്യത്തോടെ തുടരുന്നു”, മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മാർപാപ്പ പറഞ്ഞു. 1980 കളുടെ രണ്ടാം പകുതിയിലാണ് ഇത്തരം ദുരുപയോഗങ്ങളെച്ചൊല്ലിയുള്ള വിവാദം വെളിച്ചത്ത് വന്നത്.
ഈ വിഷയത്തിൽ സഭ സീറോ ടോളറൻസ് സമീപനം സ്വീകരിക്കുമെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. എന്നാൽ പല രാജ്യങ്ങളും ഈ വിഷയത്തെ ഗൗരവമായി അഭിസംബോധന ചെയ്തിട്ടില്ലെന്ന് വിമർശകർ പറയുന്നു. നല്ല കാര്യങ്ങൾക്ക് ദൈവത്തോട് നന്ദി പറയുമ്പോൾ തന്നെ സഭ മോശം കാര്യങ്ങളിൽ ലജ്ജിക്കണമെന്നും മാർപാപ്പ പറഞ്ഞു.