ഐസ്‌ലൻഡിൽ തിളച്ചുപൊന്തിയ ലാവയ്ക്ക് പൂച്ചയുടെ രൂപം

ഐസ്‌ലൻഡിലെ ഫാഗ്രാഡൽസ്ജാൽ അഗ്നിപർവതത്തിനു മുകളിൽ നിന്നുള്ള ഡ്രോൺ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയാണ്. പൂച്ചയുടെ രൂപത്തിൽ പർവതത്തിൽ നിന്ന് പുറത്തേക്ക് വരുന്ന ലാവയാണ് കാഴ്ചക്കാരെ വിസ്മയിപ്പിച്ചത്. അഗ്നിപർവത വിസ്ഫോടനത്തിനു ശേഷമുള്ള ലാവാപ്രവാഹം ഡ്രോൺ ഉപയോഗിച്ച് പകർത്തിയത് ഫൊട്ടോഗ്രഫർ ബിജോൺ സ്റ്റെയ്ൻബെക്ക് ആണ്. ഒഴുകിയിറങ്ങിയ ലാവയ്ക്ക് പൂച്ചയുടെ രൂപത്തോട് സാദൃശ്യമുണ്ട്. സൂക്ഷിച്ച് നോക്കിയാൽ പൂച്ചയുടെ തലയും ചെവിയും നീണ്ട വാലുമൊക്കെ കാണാനാകും. ഒട്ടേറെ പേർ ദൃശ്യം കാണുകയും ഷെയർ ചെയ്യുകയും കമന്റ് ചെയുകയും ചെയ്തു.

ഐസ്‌ലൻ‍ഡിന്റെ തലസ്ഥാനമായ റയ്ക്ജവീക്കിനു 40 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഫാഗ്രാഡൽസ്ജാൽ കഴിഞ്ഞ ബുധനാഴ്ചയാണ് പൊട്ടിത്തെറിച്ചത്. 781 വർഷങ്ങൾ സുഷുപ്തിയിൽ ആണ്ടുകിടന്ന അഗ്നിപർവതം കഴിഞ്ഞ വർഷം മാർച്ചിൽ വീണ്ടും വിസ്ഫോടനം നടത്തി. സംഭവം സമൂഹമാധ്യമങ്ങളിലൂടെ പ്രശസ്തി നേടുകയും ഒട്ടേറെ പേർ ചിത്രങ്ങളെടുക്കാനായി അഗ്നിപർവതത്തിനു സമീപം എത്തുകയും ചെയ്തു. അങ്ങനെ തന്റെ ഡ്രോണുമായി എത്തിയ ബോൺ സ്റ്റെയ്ൻബെക്ക് എന്ന ഫൊട്ടോഗ്രഫറാണു വിഡിയോ ഷൂട്ട് ചെയ്തത്.

ഓറഞ്ച് നിറത്തിൽ പുറത്തെത്തിയ ലാവ വെള്ളി, ചാര നിറങ്ങളിലേക്കു മാറുന്നതിന്റെ ദൃശ്യങ്ങളും വിഡിയോയിൽ കാണാം. യൂറോപ്പിലെ ഏറ്റവും സജീവമായ അഗ്നിപർവതങ്ങൾ നിലനിൽക്കുന്ന മേഖലയാണ് അഗ്നിയുടെയും ഹിമത്തിന്റെയും നാടെന്നറിയപ്പെടുന്ന ഐസ്‌ലൻഡ്. മധ്യകാലഘട്ടം മുതൽ ഭൂമിയിലൊഴുകിയ ലാവയിൽ മൂന്നിലൊന്നും ഐസ്‌ലൻഡിലെ അഗ്നിപർവതങ്ങളിൽ നിന്നാണ്. ഭൗമപ്ലേറ്റുകളുടെ അതിർത്തിയായ മിഡ് അറ്റ്ലാന്റിക് റിഡ്ജ് മേഖലയിൽ സ്ഥിതി ചെയ്യുന്നതിനാലാണ് ഐസ്‌ലൻ‍ഡിൽ അഗ്നിപർവത വിസ്ഫോടനങ്ങൾ ഇത്രയ്ക്കും വ്യാപകമായതെന്നാണ് അനുമാനം.