സോളാർ പീഡനക്കേസിൽ സിബിഐ എ.പി.അബ്ദുള്ളക്കുട്ടിയെ ചോദ്യം ചെയ്തു
തിരുവനന്തപുരം: സോളാർ പീഡനക്കേസുമായി ബന്ധപ്പെട്ട് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടിയെ സിബിഐ ചോദ്യം ചെയ്തു. തിരുവനന്തപുരത്തെ സി.ബി.ഐ ഓഫീസിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയായിരുന്നു ചോദ്യം ചെയ്യൽ. കേസിൽ ആദ്യമായാണ് അബ്ദുള്ളക്കുട്ടിയെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം വിസമ്മതിച്ചു.
സോളാർ കേസുമായി ബന്ധപ്പെട്ട് ആറ് ലൈംഗിക പീഡന പരാതികളാണ് സി.ബി.ഐ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, എ പി അനിൽകുമാർ, ഹൈബി ഈഡൻ എംപി, അടൂർ പ്രകാശ്, എ പി അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരെ ആറ് എഫ്ഐആറുകളാണ് സിബിഐ രജിസ്റ്റർ ചെയ്തത്. ഈ വർഷം ഓഗസ്റ്റിലാണ് കെസി വേണുഗോപാലിനെ സിബിഐ ഡൽഹിയിൽ ചോദ്യം ചെയ്തത്.